ക്ഷേത്രത്തിനുള്ളില്‍ ചുംബന രംഗം ചിത്രീകരിച്ചുവെന്നാരോപിച്ച് നെറ്റ്ഫ്ലിക്സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. മീരാ നായര്‍ സംവിധാനം നിര്‍വഹിച്ച ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന വെബ്സീരിസിലെ രംഗം ചിത്രീകരിച്ചതിനാണ് നടപടി.
മധ്യപ്രദേശിലാണ് സംഭവം. മഹേശ്വര് ക്ഷേത്രത്തില്‍ വെച്ചായിരുന്നു പരാതിക്ക് ആസ്പദമായ രംഗം ചിത്രീകരിച്ചത്. തബു, ഇഷാന് ഖട്ടര്‍ തുങ്ങിയവരാണ് വെബ് സീരിസില്‍ പ്രധാന വേഷത്തിലെത്തിയത്. വിക്രം സേത്തിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന നോവലിനെ ആസ്പദമാക്കിയാണ് സിരീസ് ഒരുക്കിയിട്ടുള്ളത്.
എ സ്യൂട്ടബിള്‍ ബോയ് എന്ന വെബ്സീരിസ് ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഐപിസി സെക്ഷന്‍ 295എ പ്രകാരം കേസെുത്തിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇത് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനാണ് സാധ്യത.
നേരത്തെ തന്നെ വെബ്സീരിസിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീരിസിലെ കഥാപാത്രങ്ങളായ ഹിന്ദു യുവതിയും മുസ്ലീം യുവാവും ക്ഷേത്ര പരിസരത്ത് വെച്ചു ചുംബിക്കുന്ന രംഗത്തിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം.
നെറ്റ്ഫ്ളിക്സ് ലൗജിഹാദിനെ പിന്തുണക്കുന്നു എന്നാണ് ബിജെപി യുവമോര്‍ച്ച അധ്യക്ഷന്‍ ഗൗരവ് തിവാരി വിഷയത്തെ കുറിച്ച് പ്രതികരിക്കുകയുണ്ടായത്.