അങ്കമാലി: കണ്ടുപിടിത്തങ്ങള്‍ക്ക് പ്രായം ഒരു തടസമേയല്ല എന്ന് തെളിയിച്ച് പത്താം ക്ലാസുകാരന്. സ്വന്തമായി ഇന്‍ക്യുബേറ്റര്‍ നിര്‍മ്മിച്ചു മുട്ടകള്‍ വിരിയിച്ചാണ് പത്താംക്ലാസുകാരന് ജോയല്‍ വാര്‍ത്തകളില്‍ താരമായത്.
കറുകുറ്റി ബസ്ലേഹം പള്ളിക്കു സമീപം അമ്പൂക്കന് ജോസിന്റെയും പൗളിയുടെയും മകനായ ജോയല്‍ ഇന്റര്‍നെറ്റില്‍ നോക്കിയാണ് ഇന്‍ക്യുബേറ്റര്‍ നിര്‍മാണം പഠിക്കുകയും പരീക്ഷിച്ചു വിജയിക്കുകയും ചെയ്തത്. ഇന്‍ക്യുബേറ്റര്‍ നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴിയാണു വാങ്ങിയത്. വിപണിയില്‍ 10000 രൂപ വിലയുള്ള ഇന്‍ക്യുബേറ്റര്‍ വെറും 2,000 രൂപയ്ക്ക് നിര്‍മ്മിച്ചാണ് ഈ കൊച്ചു മിടുക്കന് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
10 മുട്ടകള്‍ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം വിജയിച്ചു. രണ്ടായിരം രൂപയുണ്ടെങ്കില്‍ ഇന്‍ക്യുബേറ്റര്‍ നിര്മ്മിച്ചെടുക്കാനാവുമെന്നു ജോയല്‍ പറഞ്ഞു. ജോയല്‍ ഉണ്ടാക്കിയ 3 ഇന്‍ക്യുബേറ്ററും വിറ്റുപോയി. കലാ, കായിക രംഗത്തും പഠനത്തിലും ജോയല്‍ മികവു തെളിയിച്ചിട്ടുണ്ട്.
അതേസമയം, മലയാറ്റൂര്‍ സെന്റ്മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ലിബിന് അര മണിക്കൂര്‍ കൊണ്ട് ഇന്‍ക്യുബേറ്റര്‍ തയ്യാറാക്കും. സ്കൂള്‍ ശാസ്ത്രമേളകളാണ് ലിബിന്റെ കണ്ടുപിടിത്തത്തിന് പ്രചോദനമായത്. ലിബിന് ആദ്യം നിര്‍മിച്ച ഇന്‍ക്യുബേറ്ററില്‍ 40 കോഴി മുട്ടകള്‍ വിരിയിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആകാനാണ് ഈ കൊച്ചു മിടുക്കന് ആഗ്രഹം.
അദ്ധ്യാപകരാണ് സമൂഹ മാധ്യമങ്ങളിലൂടെ ആദ്യം ലിബിന്റെ ഇന്‍ക്യുബേറ്റര്‍ വിശേഷങ്ങള്‍ പങ്കു വെച്ചത്. ഇന്‍ക്യുബേറ്റര്‍ മാത്രമല്ല ഇന്‍വെര്‍ട്ടര്‍ ഉള്‍പ്പെടെ ലിബിന് നിര്‍മിച്ചിട്ടുണ്ട്.