ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു. ആലപ്പുഴയില്‍ വ്യാജ വാട്സാപ് മെസേജ് അയച്ചു പണം തട്ടാന്‍ ശ്രമം. മുണ്ടന്‍കാവ് സ്വദേശി സനല്‍കുമാറിനാണ് സന്ദേശം ലഭിച്ചത്.
താങ്കളുടെ സുഹൃത്ത് ഞങ്ങളില്‍ നിന്നു വായ്പയെടുത്തു കുടിശിക ആയെന്നും ജാമ്യക്കാരനായ താങ്കളില്‍ നിന്നു പണം ഈടാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമെന്നുമായിരുന്നു സന്ദേശം. കോളുകളോടും ഇമെയിലിലും പ്രതികരിക്കാത്തതിനാല്‍ പോലീസില്‍ കേസ് നല്‍കുമെന്നും സന്ദേശത്തിലുണ്ട്. തിരികെ വിളിക്കാനായി 2 ഫോണ്‍നമ്പറുകളും ഉള്‍പ്പെടുത്തിയിരുന്നു. തിരികെ വിളിച്ചപ്പോള്‍ ഫോണെടുത്തയാള്‍ ഹിന്ദിയിലാണു സംസാരിച്ചതെന്നു സനല്‍ പറയുന്നു.
ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിനും സമാന അനുഭവമുണ്ടായി. ഇത്തരത്തില്‍ പലര്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചതായി വിവരമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു പരാതി ലഭിച്ചിട്ടില്ലെന്നും ഇത്തരം മെസേജുകളോടു പ്രതികരിക്കരുതെന്നും പോലീസ് അറിയിച്ചു. കോവിഡ് കാലത്ത് ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഏറെ നടക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും കെട്ടികിടക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡിന് പിന്നാലെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.