കുമരകം: വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തിന് കൗതുകമായി ആഡംബര ടാക്സിയെത്തി. ആഡംബര കാറുകളുടെ രാജാവെന്ന് അറിയപ്പെടുന്ന റോള്‍സ് റോയ്സ് ആണ് കുമരകത്ത് എത്തിയിരിക്കുന്നത്.
ബോബി ഓക്സിജന്‍ റിസോര്‍ട്ട് പാക്കേജിന്റെ ഭാഗമായാണ് കാര്‍ എത്തിച്ചത്. വ്യവസായി ബോബി ചെമ്മണൂരിന്റെ ഉടമസ്ഥതയിലുള്ള 14 കോടി രൂപ വിലവരുന്ന റോള്‍സ് റോയ്സ് ഗോള്‍ഡന്‍ കളര്‍ ടാക്സിയാണു കുമരകത്ത് എത്തിയത്. കാര്‍ ഒന്നുകാണാനും അകത്തു കയറാനും വീഡിയോ പകര്‍ത്താനുമൊക്കെ ആളുകളുടെ ബഹളമാണ്. പലരും സെല്‍ഫി എടുത്താണു മടങ്ങിയത്.
കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്സ് സാധാരണക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ലക്ഷ്വറിയാണ്. ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കണമെന്നു വെച്ചാലും 80 കിലോമീറ്റര്‍ ഓടാന്‍ നാലര ലക്ഷം രൂപ വരെ വാടകയായി നല്‍കേണ്ടി വരും. അപ്പോഴാണ് കേരളത്തില്‍ ഒരു റോള്‍സ് റോയ്സ് ടാക്സികാറായി ഓടുന്നത്.
6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് കാറിന്. 5.3 സെക്കന്‍ഡ് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. അതിവേഗ ട്രാക്കുകളില്‍ വേഗം ഇതിലും കൂടും.
25,000 രൂപയ്ക്ക് രണ്ടു ദിവസത്തേക്ക് 300 കിലോമീറ്റര്‍ റോള്‍സ് റോയ്സ് സവാരിയും ബോബി ഓക്സിജന്റെ 28 റിസോര്‍ട്ടുകളില്‍ ഒന്നില്‍ താമസവും അടങ്ങുന്നതാണ് പാക്കേജ്. പതിനാലു കോടി രൂപ വിലയുള്ള, സ്വര്‍ണം പൂശിയ ഈ കാറിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.