ചെന്നൈ: തമിഴ്നാട്ടില്‍ ഗര്‍ഭിണിയായ യുവതിക്ക് എച്ച്ഐവി രോഗിയുടെ രക്തം നല്കിയ കേസില്‍ 25 ലക്ഷം രൂപയും വീടും യുവതിയ്ക്ക് നഷ്ടപരിഹാരം നല്‍കണം എന്ന് മദ്രാസ് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ യുവതിയുടെ അക്കൗണ്ടിലും 15 ലക്ഷം രൂപ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും യുവതിയുടെ ആദ്യത്തെ കുട്ടിയുടെയും അക്കൗണ്ടുകളിലും ഇടണമെന്നാണ് കോടതി നിര്‍ദേശം.
2018 ഡിസംബര്‍ മൂന്നിനാണ് സത്തൂര്‍ സ്വദേശിയായ യുവതി ചികിത്സയ്ക്കായി ശിവകാശിയിലെ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വെച്ച് 24കാരിയ്ക്ക് എച്ച്ഐവി പോസിറ്റീവ് രക്തം നല്‍കുകയായിരുന്നു. 19കാരനായ രോഗി എച്ച്ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞതോടെയാണ് യുവതിക്കും എച്ച്ഐവി പകര്‍ന്നതായി തിരിച്ചറിഞ്ഞത്. എച്ച്ഐവി ബാധിതനായ യുവാവ് പിന്നീട് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
ജനുവരി 17 ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. എന്നാല്‍ കുഞ്ഞിന് എച്ച്ഐവി ബാധയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയ്ക്കെതിരെ പിന്നീട് വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് മധുര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരായ അപ്പാ സ്വാമിയും മുത്തു കുമാറും ചേര്‍ന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചു.