ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ഇരട്ട സഹോദരിമാരെ തേടി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മറുപടി കത്ത്. ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആന്ലിറ്റിനും ആന്ലിനുമാണ് നിധി പോലെ സൂക്ഷിക്കാന്‍ രാജ്ഞിയുടെ മറുപടി കത്ത് ലഭിച്ചത്.
മതിലകം പുന്നക്കബസാറില്‍ കാക്കശ്ശേരി സന്തോഷിന്റേയും മെല്ഫിയുടേയും മക്കളായ ആന്ലിറ്റിനും ആന്‍ലിനും കഴിഞ്ഞ മാര്‍ച്ച് 8നാണ് ബക്കിങ്ങാം കൊട്ടാരത്തിന്റെ വിലാസത്തില്‍ രാജ്ഞിക്ക് കത്തെഴുതിയത്. ലണ്ടന്‍ സന്ദര്‍ശിക്കാനും രാജ്ഞിയെ നേരിട്ട് കാണാനും ആഗ്രഹമുണ്ടെന്ന് അറിയിച്ചാണ് ഇരുവരും കത്തെഴുതിയത്. തങ്ങള്‍ വരച്ച തൃശൂര്‍ പൂരത്തിന്റെയും ആലപ്പുഴ കായലിന്റെയും ചിത്രങ്ങളും കത്തിനൊപ്പം അയച്ചിരുന്നു.
വിന്‍സര്‍ കാസലിന്റെ ലെറ്റര്‍ ഹെഡില്‍ റോയല്‍ പോസ്റ്റില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്ക് അപ്രതീക്ഷിതമായി രാജ്ഞിയുടെ മറുപടി കത്ത് ലഭിച്ചത്. വൃത്തിയായി കത്ത് എഴുതിയതിനും തനിക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ചതിലും നന്ദി രേഖപ്പെടുത്തിയ രാജ്ഞി ഇരുവര്‍ക്കും നല്ല ഒരു വര്‍ഷം ആശംസിക്കുകയും ചെയ്തു. ചിത്രരചനയില്‍ മികവ് തെളിയിച്ച ഇരട്ട സഹോദരിമാര്‍ക്ക് കേരള ലളിതകല അക്കാദമിയുടെ അടക്കം ഒട്ടേറെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.