മുളങ്കുന്നത്തുകാവ്: കളിക്കുന്നതിനിടെ കനാല്‍ വെള്ളത്തില്‍ വീണു ഒഴുക്കില്‍പ്പെട്ടു 3 വയസ്സുകാരന് രക്ഷകയായി 10 വയസ്സുകാരി എയ്ഞ്ചല്‍ മരിയ. രാമവര്‍മപുരം പള്ളിമൂലയില്‍ തുത്തിക്കാട്ടില് ലിന്റേയുടെ മകന് അനയ് (3) ആണ് കൂട്ടുകാരൊത്ത് കളിക്കുന്നതിനിടെ വീടിനു സമീപത്തായി കടന്നു പോകുന്ന കനാലില്‍ വീണത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു അപകടം സംഭവിച്ചത്. ഒഴുക്കില്‍പ്പെട്ട കുരുന്നിനെ മണ്ണാത്ത് ജോയ് ഏബ്രഹാമിന്റെ മകള്‍ എയ്ഞ്ചല്‍ മരിയ (10) കനാലില്‍ ചാടി രക്ഷിക്കുകയായിരുന്നു. പീച്ചി ഡാമില്‍ നിന്നു വെള്ളം തുറന്നു വിട്ട സമയമായതിനാല്‍ രാമവര്‍മപുരം ഭാഗത്തു നന്ന് ചേറൂര് ഭാഗത്തേക്ക് നീളുന്ന കനാലിലെ വെള്ളത്തിന് ശക്തമായ ഒഴുക്കായിരുന്നു.
കുഞ്ഞ് വെള്ളത്തില്‍ വീഴുന്നതു കണ്ട മറ്റു കുട്ടികളുടെ കരച്ചില് കേട്ടാണ് എയ്ഞ്ചല്‍ കനാലിനരികില്‍ ഓടിയെത്തിയത്. മുങ്ങി താഴുന്ന അനയിനെ കണ്ട് കനാലിലേക്ക് ചാടി വാരിയെടുക്കുകയായിരുന്നു എയ്ഞ്ചല്‍. തുടര്‍ന്നു അനയ്ക്കു ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. എയ്ഞ്ചല്‍ കേരള അഗ്നിരക്ഷാ അക്കാദമിയില്‍ നീന്തല്‍ പഠിച്ചിരുന്നു.