കൊരട്ടി: വിശപ്പകറ്റാന്‍ കിട്ടിയ സൗജന്യ ഭക്ഷണപ്പൊതിയുമായി മടങ്ങുന്നതിനിടെ പണവും രേഖകളുമടങ്ങിയ പഴ്സ് കളഞ്ഞുകിട്ടി. കഷ്ടപ്പാടുകള്‍ക്കിടയിലും സത്യസന്ധത കൈവിടാതെ ഉടമസ്ഥനെ കണ്ചെത്തി പണം മടക്കിക്കൊടുത്ത ശിവരാമന് നാട്ടുകാരുടെയും പോലീസിന്റെയും പ്രശംസ.
ജനമൈത്രി പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തുന്ന പാഥേയത്തില്‍ നിന്നാണു ശിവരാമന് ദിവസവും ഭക്ഷണപ്പൊതികള്‍ എടുക്കാറുള്ളത്. മുരിങ്ങൂരിലെ വീട്ടില്‍ നിന്ന് ഇതിനായി 4 കിലോമീറ്ററിലധികം നടക്കും.
കഴിഞ്ഞ ദിവസം ഭക്ഷണപ്പൊതിയെടുത്തു മടങ്ങുന്നതിനിടെയാണു സമീപത്തു കിടന്നിരുന്ന പണവും രേഖകളുമടങ്ങിയ പഴ്സ് ശിവരാമനു ലഭിച്ചത്. പരിചയക്കാര് ആരെയും സമീപത്തു കാണാത്തതിനെ തുടര്‍ന്ന് മുരിങ്ങൂരില്‍ തിരിച്ചെത്തി മുന്‍ പഞ്ചായത്തംഗം എഡി സജിയെ വിവരമറിയിച്ചു. അദ്ദേഹം ശിവരാമനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ബികെ അരുണിനെ പഴ്സ് ഏല്പിക്കുകയായിരുന്നു.
5000 രൂപയും എടിഎം കാര്‍ഡുകളും പഴ്സിലുണ്ടായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടേതായിരുന്നു പഴ്സ്. വാര്‍ധ്യകസഹജമായ അസുഖങ്ങളും കാഴ്ചക്കുറവും അലട്ടുമ്പോഴും വല്ലപ്പോഴും മാത്രം ലഭിക്കുന്ന കൂലിപ്പണി ചെയ്താണു ശിവരാമന് ജീവിതം മുന്നോട്ടു നീക്കുന്നത്. തമിഴ്നാട്ടില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു മുരിങ്ങൂരിലെത്തിയതാണ് ശിവരാമന്.