പെരിഞ്ഞനം: ഇരുപത് രൂപയ്ക്ക് ഊണ് നല്‍കും, ഇനി പണം ഇല്ലെങ്കിലും വിശപ്പകറ്റാം, രോഗികള്‍ക്ക് ഭക്ഷണം സൗജന്യമായി വീട്ടിലെത്തിച്ചു നല്‍കും, തെരുവിലുള്ളവര്‍ക്കായി പൊതിച്ചോറുകളും വിതരണം ചെയ്യും… അങ്ങനെ പോകുന്നു ‘സുഭിക്ഷ’ ഹോട്ടലിന്റെ സമൂഹസേവനങ്ങള്.
പെരിഞ്ഞനം പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് താഴെ പ്രവര്‍ത്തിക്കുന്ന സുഭിക്ഷ ഹോട്ടലും അതിന് വഴിയൊരുക്കിയ ‘കിരണം’ കുടുംബശ്രീയും’ സമൂഹത്തിന് മാതൃകയായി പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. എട്ടംഗങ്ങളുള്പ്പെട്ട ഈ പെണ്‍കൂട്ടായ്മ പകര്‍ന്നു നല്‍കുന്നത് അന്നദാനത്തിന്റെ മഹത്വമാണ്.
കൊവിഡ് കാലത്തെ അതിജീവനത്തിന്റെ മികച്ച ഉദാഹരണമാണ് സുഭിക്ഷ. സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇരുപത് രൂപയ്ക്ക് ഊണ് നല്കുന്ന പെരിഞ്ഞനത്തെ സുഭിക്ഷയില്‍ പണമില്ലെങ്കിലും ഭക്ഷണം നല്‍കും. കൂടാതെ ദിവസവും തെരുവിലുള്ളവര്‍ക്കായി പൊതിച്ചോറുകളും വിതരണം ചെയ്യുന്നുണ്ട്. രോഗികള്‍ക്ക് ഭക്ഷണം സൗജന്യമായി വീട്ടിലെത്തിച്ചുനല്‍കുന്ന പദ്ധതിയും ഇവര്‍ക്കുണ്ട്.
ജനപ്രതിനിധികളായവര്‍ മുതല്‍ അധ്യാപകര്‍ വരെയുണ്ട് ഈ കൂട്ടായ്മയില്‍. നിര്ധനരായവര്ക്കും വീടുകളിലും മറ്റും ആഹാരം പാകം ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഈ പെണ്‍കൂട്ടായ്മ സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ചു നല്‍കും.
പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണത്തിലുള്ള ഇരുന്നൂറിലധികം പേര്‍ക്ക് ദിവസവും സൗജന്യമായി ഭക്ഷണം നല്‍കുകയും തെരുവില്‍ വിതരണം ചെയ്യുന്ന പൊതിച്ചോറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണ് ഈ പെണ്‍കൂട്ടായ്മയുടെ അടുത്ത ലക്ഷ്യം.