പീച്ചി: കാലു തെറ്റി കനാലില്‍ വീണ 3 വയസ്സുകാരനെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ രക്ഷപ്പെടുത്തി. ഇടതുകര കനാലിലെ ഒഴുക്കുള്ള വെള്ളത്തിലേക്കു കാല് വഴുതി വീണ 3 വയസ്സുകാരനെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ദില്ജയും ജിസ്നയും രക്ഷപ്പെടുത്തി കരയക്കെത്തിച്ചത്.
ഇന്നലെ 3.30 നായിരുന്നു സംഭവം. പീച്ചി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളായ ജിസ്ന ജോയ്, ദില്‍ജ രാജന് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് ബെന്‍ ബെന്നി (3) യുടെ ജീവന് രക്ഷിച്ചത്.
കനാലിന്റെ സമീപത്തു താമസിക്കുന്ന വെളിയത്ത്പറമ്പില്‍ ബെന്നിയുടെ മകന് ബെന്നും കൂട്ടുകാരും കനാലിനരികില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കാലു തെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാരിയായ ദില്‍ജയുടെ വീട്ടിലെത്തിയ ജിസ്ന, ദില്ജയോടൊപ്പം കനാലിനു സമീപം ഇരിക്കുമ്പോഴാണ് ബെന്‍ വെള്ളത്തിലേക്ക് വീണത്.
ഇതുകണ്ടു ഉടന്‍തന്നെ നീന്തല്‍ വശം ഇല്ലാതിരുന്നിട്ടും ജിസ്ന വെള്ളത്തിലേക്ക് എടുത്തുചാടി. ബെന്നിനെ ചേര്‍ത്തുപിടിച്ചു കുറച്ചു മുന്നോട്ട് ഒഴുകിയ ജിസ്ന സമീപത്ത് കൈ നീട്ടിയ ദില്‍ജയുടെ കൈ പിടിച്ചു മുകളിലേക്ക് കയറി.
സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളാണു ജിസ്നയും ദില്ജയും. എസ്പിസി പരിശീലനത്തിലൂടെയാണ് അടിയന്തര ഘട്ടത്തില്‍ പ്രതികരിക്കാനുള്ള ശേഷി ലഭിച്ചതെന്ന് ഇരുവരും പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സികെ ഷെറീന, പ്രധാനാധ്യാപകന് പിജെ ബിജു, സിപിഒ വി സുകുമാരന്‍, പിടിഎ പ്രസിഡന്റ് ചാക്കോ ഏബ്രഹാം എന്നിവര്‍ വിദ്യാര്‍ഥിനികളെ അഭിനന്ദിച്ചു.
വിലങ്ങന്നൂര്‍ സ്വദേശി ജോയ് പോള്‍- മേരി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരന്: ജിസ്മോന് ജോയ്. പട്ടിലുംകുഴി രാജന് – ജയശ്രീ ദമ്പതികളുടെ മകളാണ് ദില്‍ജ. സഹോദരന് ദില്‍രാജ്.