പെരുമ്പിലാവ്: കൊവിഡ് കാലത്ത് ജോലി മുടങ്ങിയപ്പോള്‍ വീട്ടില്‍ വെറുതെ ഇരിക്കാന്‍ തയ്യാറായില്ല. ഹെവി ലൈസന്‍സ് സ്വന്തമാക്കി മറ്റൊരു തൊഴിലിടം കണ്ടെത്തിയിരിക്കുകയാണ് സഫിയ. ഡ്രൈവിങ് സ്കൂള്‍ അധ്യാപികയായ കടവല്ലൂര്‍ പരുവിങ്ങല്‍ സഫിയ അബൂബക്കറാണ് ലോക്ഡൗണ്‍കാലം തന്റെ കഴിവുകള്‍ തേച്ചു മിനുക്കാനുള്ള അവസരമായി പ്രയോജനപ്പെടുത്തിയത്.
ഡ്രൈവിങ് അധ്യാപികയായിരുന്ന സഫിയ ലോക്ഡൗണില്‍ ജോലി മുടങ്ങിയപ്പോള്‍ തന്റെ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഹെവി ലൈസന്‍സ് ആക്കി മാറ്റാനുള്ള പഠനം തുടങ്ങുകയായിരുന്നു. താമസിയാതെ ലൈസന്‍സ് സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ പൊന്നാനി ആര്‍ടിഒ ഓഫിസില്‍ നിന്നും ഹെവി ലൈസന്‍സ് കരസ്ഥമാക്കുന്ന ആദ്യ വനിതയായി മാറി ഈ വീട്ടമ്മ.
കഴിഞ്ഞ നവംബറില്‍ ലൈസന്‍സ് ലഭിച്ചതു മുതല്‍ വലിയ വാഹനങ്ങള്‍ ഓടിക്കാനും തുടങ്ങി. സുഹൃത്തിന്റെ നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ഡ്രൈവറായി പലപ്പോഴും പോകാറുള്ളത് ഇപ്പോള്‍ സഫിയയാണ്. ചങ്ങരംകുളം മാര്‍ക്കറ്റില്‍ നിന്നും അടയ്ക്ക ലോഡ് കയറ്റി പാലക്കാട്ട് ഇറക്കും. മലബാര്‍ ഡെന്റല്‍ കോളജില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അബൂബക്കറാണ് സഫിയയുടെ ഭര്‍ത്താവ്. അസ്ബിയ, അസ്ലം, അസ്നിയ എന്നിവര്‍ മക്കളാണ്.
ചങ്ങരംകുളം ന്യൂസിറ്റി, എടപ്പാള്‍ അബ്സി എന്നീ സ്ഥാപനങ്ങളിലെ ഡ്രൈവിങ് അധ്യാപികയാണു സഫിയ. ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ചെയ്തിരുന്ന തയ്യല്‍ ജോലിയിലേക്ക് തിരിച്ചു പോയി.. ഒപ്പം വീട്ടില്‍ കോഴി, കൂണ് എന്നിവയുടെ പരിപാലനവും തുടങ്ങി. എന്നാല്‍ വീട്ടിലിരിപ്പു മടുത്തതോടെയാണു വലിയ വാഹനങ്ങളില്‍ ഡ്രൈവിങ് പഠിക്കണം എന്ന ആശയം ഉണ്ടായത്. തുടര്‍ന്നു പൊന്നാനി ഷാഹുല്‍ ഡ്രൈവിങ് സ്കൂളില്‍ ചേര്‍ന്ന് പഠിക്കുകയായിരുന്നു.