കൊടുങ്ങല്ലൂര്‍: ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും നാസറിനേയും കുടുംബത്തേയും കൈപിടിച്ചു കയറ്റി മാതൃകയായി കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബ്. നാരായണമംഗലം കോഴിക്കുളങ്ങരയില്‍ ചെമ്മീന്‍ കെട്ടിലെ ബണ്ടില്‍ ദുരിത ജീവിതം നയിക്കുന്ന വലിയവീട്ടില്‍ പറമ്പില്‍ നാസറിനും കുടുംബത്തിനുമാണ് ലയണ്‍സ് ക്ലബ് വീടു നിര്‍മിച്ചു നല്‍കിയത്.
കൊച്ചിയില്‍ കേറ്ററിങ് ജോലിക്കാരനായിരുന്നു നാസര്‍. വാടക വീട്ടിലായിരുന്നു താമസം. ജോലിക്കിടയില്‍ നാസറിന്റെ കൈ അറ്റതോടെ വരുമാനം നിലച്ചു. വാടക വീട്ടില്‍ നിന്നു ഇറങ്ങേണ്ടി വന്നതോടെ നാസര്‍ ചെമ്മീന്‍ കെട്ടിലെ ബണ്ടിനു നടുവില്‍ ഒരു കൂര ഉയര്‍ത്തി. ഭാര്യയും 2 മക്കളും ഉള്‍പ്പെടുന്ന കുടുംബം പിന്നീട് ഇവിടെയാണ് താമസമാക്കിയത്.
കൂര ചോര്‍ന്നൊലിക്കുന്നതിനാല്‍ വര്‍ഷകാലത്ത് കുട്ടികളുടെ പഠനവും തടസപ്പെടുമായിരുന്നു. കുടുംബത്തിന്റെ ദുരിതാവസ്ഥ മനസിലാക്കിയ കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബ് പ്രശ്നത്തില്‍ ഇടപെട്ട് വീട് പണിത് കൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. വീടിന്റെ താക്കോല്‍സമര്‍പ്പണം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ ലയണ്‍ ഇഗ്നേഷ്യസ് നിര്‍വഹിച്ചു. പ്രസിഡന്റ് വിആര്‍ പ്രേമന് അധ്യക്ഷത വഹിച്ചു.
അതേസമയം, കാഞ്ഞങ്ങാട് കഴിഞ്ഞ ആറുവര്‍ഷമായി ഗുരുതരമായ ഡയബറ്റിക്നെ തുടര്‍ന്ന് കിടപ്പിലായ കല്ല്യോട്ട് പി അബൂബക്കറിനെ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് സഹായിച്ചിരുന്നു. 30 വര്‍ഷമായി കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യക്കച്ചവടം നടത്തിവന്നിരുന്ന അബൂബക്കര്‍ നാട്ടുകാര്‍ക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു.
അദ്ദേഹത്തെ ചികിത്സിക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ കാല് മുറിച്ചു നീക്കി കൃത്രിമ കാല് വെച്ചുപിടിപ്പിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനായി ഏകദേശം ഒരു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറത്താണ് ചികിത്സച്ചെലവ്. ഇതു തിരിച്ചറിഞ്ഞ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ചികിത്സച്ചെലവിലേക്ക് 23,000 രൂപ നല്‍കുകയായിരുന്നു.