തൃശൂര്‍: ചായ കുടിക്കുമ്പോള്‍ കൂടെ ചെറു പലഹാരങ്ങള്‍ കഴിക്കുന്ന ഒരു പതിവ് മലയാളികള്‍ക്കുണ്ട്. എന്നാല്‍ ഇനി തൃശൂരിലെ ഹോട്ടലുകളില്‍ കയറി ചായ കുടിക്കുമ്പോള്‍ കഴിക്കാന്‍ വേറെ പലഹാരമൊന്നും വാങ്ങിക്കേണ്ട ചായക്കപ്പ് കടിച്ച് കടിച്ച് തിന്നാം.
ഐസ്ക്രീമിന്റെ കോണ്‍ പോലെ തിന്നാവുന്ന ചായക്കപ്പുകള്‍ കടല്‍ കടന്ന് ഇവിടെയും എത്തിക്കഴിഞ്ഞു. ചായ കുടിക്കുന്നതിനിടെ ബിസ്കറ്റ് കടിക്കും പോലെ കപ്പ് കടിച്ചുകൊണ്ടേയിരിക്കാം. വില വെറും 20 രൂപമാത്രം. തിന്നുന്ന കപ്പ് ആയാല്‍ രണ്ടുണ്ട് കാര്യം. കഴിക്കാന്‍ വാങ്ങാന്‍ വേറെ കാശിന്റെ ആവശ്യമില്ല മാത്രമല്ല, ചായകുടി കഴിയുമ്പോള്‍ മാലിന്യമായി മാറാന്‍ കപ്പ് അവശേഷിക്കുകയുമില്ല.
കേക്കിന്റെ രുചിയുള്ള കപ്പാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ചായ അടക്കം 20 രൂപയും കപ്പിനുമാത്രം 12 രൂപയുമാണു വില. ഭക്ഷ്യ ഉല്പന്നങ്ങള് കയറ്റുമതി ചെയ്യുന്ന എല്‍ ആന്‍ഡ് എം ഫ്രൂട്സ് പ്രോഡക്ട്സ് കമ്പനിയാണ് ബിസ്കറ്റ് ടീ കപ്പ് എത്തിച്ചിരിക്കുന്നത്. എല്‍ ആന്‍ഡ് എം ഫ്രൂട്സ് സ്റ്റാളുകളില്‍ ഇവ ലഭിക്കും.
പല തരം ഫ്ളേവറുകളില്‍ ഓണ്‍ലൈനിലും ബിസ്കറ്റ് ടീ കപ്പുകള്‍ ലഭ്യമാണ്. ബോക്സുകളില്‍ ആക്കി പാക്ക് ചെയ്ത് ലഭിയ്ക്കുന്ന ടീ കപ്പുകളുടെ ആയുസ് പരമാവധി 6 മാസം മാത്രം. നിരവധി കമ്പനികള്‍ ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
60 എംഎല്, 120 എംഎല് എന്നിങ്ങനെ വിവിധതരം കപ്പുകള്‍ ലഭ്യമാകും. 10 മിനിറ്റിലേറെ ചൂടുകാപ്പിയും ചായയും ഇവയില്‍ സേര്‍വ് ചെയ്യാനുമാകും. ചോക്ലേറ്റ് ഫ്ലേവറിലും വാനില ഫ്ലേവറിവും ഒക്കെ ടീകപ്പ് ലഭിക്കും.
പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തിയപ്പോഴാണ് ഭക്ഷ്യ യോഗ്യമായ ടീ കപ്പുകളുടെ നിര്‍മാണത്തിലേയ്ക്ക് മിക്കവരും തിരിഞ്ഞത്. പ്ലാസ്റ്റിക് കപ്പുകള്‍ക്കും നല്ലൊരു ബദല്‍ മാര്‍ഗമാണ് ടീകപ്പ്. ചായ കുടിച്ച ശേഷം ഒരു കപ്പ് കഴിച്ചാല്‍ മൂന്ന് ബിസ്ക്കറ്റ് കഴിച്ച പ്രതീതിയാണെന്ന് ടീ കപ്പ് ആരാധകര്‍ പറയും
തമിഴ്നാട്ടില്‍ ബിസ്ക്കറ്റ് ടീ കപ്പ് വിറ്റ് ഹിറ്റായ ഒരു ചായ കടയുണ്ട്. ആര് എസ് പതി ആന്‍ഡ് നീല്‍ഗിരി ഹില്‍സ്. ടീ കപ്പ് അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെയുള്ള ദിവസങ്ങളില്‍ ചായ വിറ്റഴിയുന്നതിലും വേഗത്തിലാണ് ടീകപ്പുകള് വിറ്റു പോയത്. ചോക്ലേറ്റ് ഫ്ലേവറിലെ കപ്പുകള്‍ ആയിരുന്നു ഇവ.