തിരുവനന്തപുരം: കടലില്‍ മുങ്ങിത്താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി. പൂവാര്‍ ഇ.എം.എസ് കോളനി തെക്കേ തെരുവില്‍ സെയ്ദലവിയുടെ മകന് മൊയ്നുദീന് (17) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം.
സുഹൃത്തുക്കളും അയല്‍വാസികളുമായ അഫ്സല് (17), ഷാഹിദ് (17) എന്നിവര്‍ക്കൊപ്പം പൊഴിക്കര കടലില്‍ കുളിക്കവേ അഫ്സല് ചുഴിയില്‍ അകപ്പെട്ട് മുങ്ങി. ഇത് കണ്ട് മൊയ്നുദീനും ഷാഹിദും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇവരും ചുഴിയില്‍പ്പെടുകയായിരുന്നു.
പൊഴിക്കരയിലെ മണല്‍പ്പരപ്പില്‍ ഫുട്ബാള്‍ കളിക്കാനെത്തി ഏഴംഗ സംഘത്തിലെ ചിലര്‍ കളി കഴിഞ്ഞ് നെയ്യാര്‍ കടലില്‍ സംഗമിക്കുന്ന പൊഴിക്കരയില്‍ കുളിക്കാനിറങ്ങവെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പൊഴി മുറിഞ്ഞ് കിടന്നതിനാല്‍ കടലിലേക്കുള്ള ഒഴുക്കിന്റെ ശക്തിയറിയാതെ നീന്തിത്തളര്‍ന്ന് മുങ്ങിത്താഴ്ന്ന അഫ്സലിനെ രക്ഷിക്കാന്‍ ശ്രമിച്ച ഷാഹിദും മൊയ്നുദീനും ഒഴുക്കില്‍പ്പെട്ടു.
ഇതു കണ്ട് തീരത്ത് കളിച്ചു കൊണ്ടിരുന്ന പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശികളും മത്സ്യതൊഴിലാളികളുമായ വിപിനും ഡാനുവും കടലിലേക്ക് ചാടി മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന മൂന്ന് പേരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും അവശനായ മൊയ്നുദീന് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് മറൈന്‍ എന്‍ഫോഴ്സുമെന്റും പൂവാര്‍ തീരദേശ പൊലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തിയെങ്കിലും മൊയ്നുദീനെ കണ്ടെത്താനായില്ല.പാറശാല ചെറുവാരക്കോണം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മൊയ്നുദ്ദീന്.