കോവളം: റോഡില്‍ കിടന്നു കിട്ടിയ 43000 രൂപ ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു നാടിന് മാതൃകയായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍. കെഎസ്ആര്‍ടിസിയുടെ വിഴിഞ്ഞം ഡിപ്പോയിലെ സീനിയര്‍ കണ്ടക്ടറും നീലകണ്ഠ തിയേറ്റര്‍ റോഡില്‍ ലാല്വിഹാറില് താമസിക്കുന്ന പിജി പ്രേംലാലാണ് ആന്യന്റെ പണം ഉപയോഗിക്കാതെ സത്യസന്ധതയുടെ നേര്‍രൂപമായത്.
സാധനം വാങ്ങാന്‍ പോകുമ്പോള്‍ റോഡില്‍ നിന്ന് കിട്ടിയ 43,000 രൂപ രണ്ടാമതൊന്നു ആലോചിക്കാതെ പ്രേംലാല്‍ കോവളം പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ കോവളം തിയേറ്റര്‍ ജംഗ്ഷനിലെ ബേക്കറിക്കടുത്തുള്ള റോഡില്‍ നിന്നാണ് രൂപ കിട്ടിയത്.
2000, 500 രൂപ നോട്ടുകള്‍ അടുക്കി റബ്ബര്‍ബാന്‍ഡിട്ട് കെട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് രൂപയുമായി കോവളം പോലീസിലെത്തി എസ്ഐ ഗംഗാപ്രസാദിന് നേരിട്ട് കൈമാറി. രാത്രിയോടെ പണം നഷ്ടപ്പെട്ട വെഞ്ഞാറമൂട് കുളപ്പുറം സ്വദേശിനിയും ഇപ്പോള്‍ വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ മനീഷ മോഹന്‍ കോവളം പോലീസ് സ്റ്റേഷനിലെത്തി രൂപ കൈപ്പറ്റി.
കണ്‍സ്ട്രക്ഷന്‍ ജോലിയുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ പക്കല്‍ നിന്ന് കടംവാങ്ങിയ 45000 രൂപയാണിതെന്ന് മനീഷ കോവളം പോലീസിനോട് പറഞ്ഞു. ഇതില്‍ നിന്ന് 2000 രൂപയെടുത്ത് കാറിന് പെട്രോള്‍ നിറച്ചശേഷം തിയേറ്റര്‍ ജങ്ഷനിലെ ബേക്കറിയില്‍ നിന്ന് സാധനവുമായി മടങ്ങവെയാണ് പണം നഷ്ടപ്പെട്ടതെന്നും മനീഷ പറഞ്ഞു.