തിരുവനന്തപുരം: ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം കേരളത്തിലില്ല. കൊവിഡുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ആധികാരിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ നിലവിലെ സാഹചര്യം ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്വകാര്യ ആശുപത്രികളും കൊവിഡ് രോഗികള്‍ക്കായുള്ള കിടക്കകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണം. മൊത്തം കിടക്കകളുടെ 25 ശതമാനം കൊവിഡ് ചികിത്സയ്ക്കായി മാറ്റണമെന്നു സ്വകാര്യ ആശുപത്രി പ്രതിനിധികളുമായുള്ള യോഗത്തില്‍ നിര്‍ദേശിച്ചു.
ഇപ്പോള്‍ തന്നെ ഭൂരിപക്ഷം കിടക്കകളും കൊവിഡ് രോഗികള്‍ക്കായി മാറ്റിവച്ചവരുണ്ട്. കിടക്കകളുടെ എണ്ണം ദിവസവും ജില്ലാ ആരോഗ്യവകുപ്പ് മേധാവിക്കു കൈമാറണം. കോവിഡ് ചികിത്സയ്ക്ക് പ്രാവീണ്യമുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ഡിഎംഒ ആവശ്യപ്പെട്ടാല്‍ നല്‍കണം. വെന്റിലേറ്ററും ഐസിയുവും പൂര്‍ണ പ്രവര്‍ത്തനക്ഷമമായിരിക്കണം. ഇവയുടെ അറ്റകുറ്റപ്പണി ഉടനെ തീര്‍ക്കണം.
ഐസിയു കിടക്കകള്‍ ഗുരുതര രോഗമുള്ളവര്‍ക്കു മാത്രമായി നീക്കിവയ്ക്കണം. കൊവിഡ് ഇതര രോഗികള്‍ക്കു സേവനം മുടക്കരുത്. ആശുപത്രികള്‍ അമിതമായ ഫീസ് ഈടാക്കരുത്. മിക്കവരും മിതമായ നിരക്കാണ് ഈടാക്കുന്നതെങ്കിലും ചിലര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതായി പരാതി ഉയര്‍ന്നു.
കൊവിഡ് ചികില്‍സയ്ക്കുള്ള ചെലവ് 15 ദിവസത്തിനുള്ളില്‍ ആശുപത്രികള്‍ക്കു കൈമാറും. സര്‍ക്കാര്‍ പ്രവര്‍ത്തനത്തിനു പൂര്‍ണ സഹകരണം സ്വകാര്യ ആശുപത്രികള്‍ വാദ്ഗാനം ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.