തിരുവനന്തപുരം: മാലിന്യപ്രശ്നത്തിന് പരിഹാരം തേടി റോഡില്‍ പായ വിരിച്ചു കിടന്ന് യുവാക്കളുടെ പ്രതിഷേധം. ഒടുവില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയതിന് കേസെടുത്ത് ഇവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ജീമോന്‍ കല്ലുപുരയ്ക്കല്‍ (38), അജു കെ മധു (27) എന്നിവരാണ് തമ്പാനൂര്‍ മേല്‍പ്പാലത്തില്‍ പായ വിരിച്ചു കിടന്നത്. ന്യൂ തിയേറ്റര്‍ റോഡിലെ മാലിന്യപ്രശ്നത്തിന് പരിഹാരം തേടിയായിരുന്നു യുവാക്കളുടെ വ്യത്യസ്ത പ്രതിഷേധം.
ഗതാഗതക്കുരുക്ക് ഉണ്ടായതിന് പിന്നാലെ തമ്പാനൂര്‍ പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. നടുറോഡില്‍ പായ വിരിച്ച് കിടന്നതിനും ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു ജാമ്യത്തില്‍ വിട്ടു.
തമ്പാനൂര്‍-ന്യൂ തിയേറ്റര്‍ റോഡില്‍ ഡ്രെയിനേജ് പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകുന്നത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കട്ടിലില്‍ കിടന്ന് ജീമോന്‍ കല്ലുപുരയ്ക്കല്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയിരുന്നു. ന്യൂ തിയേറ്റര്‍ റോഡിലായിരുന്നു വൈകുന്നേരം വരെ നീണ്ടുനിന്ന ആ പ്രതിഷേധം. തിങ്കളാഴ്ച വൈകീട്ട് പെയ്ത മഴയിലും ഇവിടെ വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. തുടര്‍ന്നാണ് ചൊവ്വാഴ്ച ഇവര്‍ ‘കിടപ്പ് പ്രതിഷേധം’ കടുപ്പിച്ചത്.