കിളിമാനൂര്‍: മാലപൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തി, ഇതുകണ്ട് അതുവഴിയെത്തിയ മകന് ഫുട്ബോള്‍ കൊണ്ട് അക്രമികളെ നേരിട്ട് സിനിമസ്റ്റൈലില്‍ അമ്മയെ രക്ഷിച്ചു. നഗരൂരിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.
നഗരൂര്‍ ശിവപുരം ശ്രീനിധിയില്‍ സജീവന്റെ ഭാര്യ സീമയുടെ മൂന്നു പവന്റെ മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെക്കാന് ശ്രമിച്ചത്. പൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതേ സമയത്ത് ഫുട്ബോള്‍ കളിക്കാനായി അതുവഴി എത്തിയ മകന് അക്ഷയ് കാണുന്നത് അമ്മയും യുവാക്കളുമായി പിടിവലി കൂടുന്നതാണ്. മകന് ഫുട്ബോള്‍ കൊണ്ട് അക്രമിയെ ഇടിച്ചു.
ഇടിയേറ്റപ്പോള്‍ പൊട്ടിച്ചെടുത്തമാല മോഷ്ടാവിന്റെ കയ്യില്‍ നിന്നു തെറിച്ചു വീണു. മാല കണ്ടെടുക്കാന്‍ ശ്രമം നടത്തവേ മകന് വീണ്ടും ബോള്‍ ഉപയോഗിച്ച് മോഷ്ടാക്കളെ നേരിടുകയായിരുന്നു. ഇതോടെ പ്രതികള്‍ ബൈക്കില്‍ കയറി കിളിമാനൂര്‍ ഭാഗത്തേക്ക് ഓടിച്ചു പോയി.
ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം സജീവമാണ് പ്രദേശത്ത്. ശനിയാഴ്ച മൂന്നു മണിയോടെ നഗരൂര്‍ തേക്കിന്കാട്ടും, തുടര്‍ന്ന് കിളിമാനൂര്‍ മലയാമഠത്തും രണ്ടു മാല പൊട്ടിക്കല്‍ സംഭവങ്ങളാണുണ്ടായത്. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്ന് നിഗമനം.
കിളിമാനൂര്‍ ദേവേശ്വരം കുന്നില്‍ വീട്ടില്‍ ശക്തിധരന്റെ ഭാര്യ എസ് ഷീലയുടെ അഞ്ചേമുക്കാല്‍ പവന്റെ താലിമാലയാണ് മേലേ മലയമഠത്ത് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തത്. ശനി വൈകിട്ടായിരുന്നു സംഭവം. തൊളിക്കുഴിയില്‍ പോയിട്ട് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികള്‍. സ്കൂട്ടറിന്റെ പിറകില്‍ ഇരുന്ന ഷീലയുടെ മാല പൊട്ടിച്ചെടുത്ത സംഘം ദമ്പതികളെ ചവിട്ടി തള്ളിയിടുകയും ചെയ്തു. ദമ്പതികളെ മോഷ്ടാക്കള്‍ കിളിമാനൂരില്‍ നിന്നു പിന്തുടര്ന്ന് എത്തിയാണ് മാല പൊട്ടിച്ചെടുത്തത്.
23ന് വൈകിട്ട് 5.30ന് മുളയ്ക്കത്തുകാവില്‍ കടയില്‍ സാധനം വാങ്ങുവാന്‍ എന്ന വ്യാജേന ബൈക്കില്‍ എത്തിയ യുവാക്കള്‍ കടയുടമയായ വീട്ടമ്മയുടെ രണ്ടര പവന്റെ താലിമാല പൊട്ടിച്ചെടുത്തിരുന്നു. തോപ്പില്‍ ഗോവിന്ദവിലാസത്തില്‍ കുഞ്ഞു കൃഷ്ണപിള്ളയുെട ഭാര്യ വിജയകുമാരിയമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. കള്ളന്മാരുടെ ശല്യം കൂടുന്ന സാഹചര്യത്തില്‍ പോലീസ് പട്രോളിങ് ശക്തമാക്കാത്തതില്‍ ജനങ്ങള്‍ ആശങ്കയിലാണ്.