തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ചാനല്‍ സര്‍വ്വേകള്‍ തടയണമെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ടിക്കാറാം മീണയ്ക്കാണ് രമേശ് ചെന്നിത്തല പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാനല്‍ സര്‍വ്വേകള്‍ തടയണമെന്ന ആവശ്യമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വ്വവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതാണ് സര്‍വ്വേകളെന്ന് ചെന്നിത്തല പറയുന്നു.
ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്നാണ് ചാനല്‍ സര്‍വ്വേകള്‍ പ്രവചിച്ചത്. ഇതിനെതിരെ കഴിഞ്ഞ ദിവസം ചെന്നിത്തല രംഗത്തെത്തിയിരുന്നു. അഭിപ്രായ സര്‍വ്വേകളെ ജനം തിരസ്കരിച്ച ചരിത്രമാണുള്ളതെന്നും അഭിപ്രായ സര്‍വ്വേകളിലൂടെ പ്രതിപക്ഷ നേതാവിനേയും യുഡിഎഫിനേയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും ഓരോ സര്‍വ്വേയും അഴിമതിയില്‍ മുങ്ങി നില്ക്കുന്ന സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ്. 200 കോടി രൂപയുടെ പരസ്യം നല്കിയ സര്‍ക്കാരിനോടുള്ള നന്ദിയാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. ഇത് മാധ്യമ ധര്‍മ്മമല്ലെന്നും ചെന്നിത്തല പറഞ്ഞു.
ഭരണകക്ഷിക്ക് നല്കുന്നതില് ഒരു ശതമാനം പരിഗണനയെങ്കിലും പ്രതിപക്ഷത്തിന് ലഭിക്കണ്ടേ. ഡല്‍ഹിയില്‍ നടക്കുന്നതുപോലെയാണ് ഇവിടെയും. മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ നല്‍കിയും വലയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.