തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അവസാന സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ശോഭ സുരേന്ദ്രന് കഴക്കൂട്ടത്തു നിന്ന് ജനവിധി തേടും. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ശോഭ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പായത്.
കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍, കൊല്ലത്ത് എം സുനില്‍, മാനന്തവാടിയില്‍ പള്ളിയറ മുകുന്ദന് എന്നിവരായിരിക്കും മത്സരിക്കുന്നത്. മറ്റു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
വ്യാഴാഴ്ച മുതല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഞായറാഴ്ചയാണ് ബിജെപിയുടെ സ്ഥാനാര്‍ഥിപട്ടിക പുറത്തെത്തിയത്. അതില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ കഴക്കൂട്ടത്ത് ഒരു ”സസ്പെന്‍സ്” ഉണ്ടെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ആ സസ്പെന്‍സ് നിലനിര്‍ത്താനോ അതിന് അനുസരിച്ച സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനോ ബിജെപിക്ക് കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ശോഭ സ്ഥാനാര്‍ത്ഥിയാകുന്നത്. നേരത്തെ കഴക്കൂട്ടത്തിന് അവകാശവാദം ഉന്നയിച്ച് ശോഭാ സുരേന്ദ്രന് രംഗത്തെത്തിയിരുന്നു. പരസ്യമായി ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.