വെഞ്ഞാറമൂട്: ആശുപത്രിയിലേക്കു പോകുംവഴി കുഴഞ്ഞു വീണ ഗര്‍ഭിണിക്ക് സുഖ പ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ആ വഴിയെത്തിയ നഴ്സുമാരും കനിവ് ആംബുലന്‍സ് ജീവനക്കാരും. വാമനപുരം ആനാകുടി പണയില്‍ പുത്തന്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കും (26) കുഞ്ഞിനുമാണ് 108 ആംബുലന്‍സ് ജീവനക്കാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരും രക്ഷകരായെത്തിയത്.
ഇന്നലെ രാവിലെ 10ന് ലക്ഷ്മിക്ക് പ്രസവ വേദന തുടങ്ങി. ആശുപത്രിയിലേക്കു പോകുന്നതിനു ബന്ധുക്കള്‍ ഓട്ടോറിക്ഷ വിളിച്ചിരുന്നു. വീട്ടില്‍ നിന്ന് റോഡിലേക്ക് കുറച്ചു ദൂരം നടക്കണം. ഭര്‍ത്താവിനൊപ്പം റോഡിലേക്കു നടക്കുന്നതിനിടയില്‍ ലക്ഷ്മി കുഴഞ്ഞു വീണു.
ഈ സമയം ആശുപത്രിയിലേക്കുള്ള കൊവിഡ് വാക്സിന് ശേഖരിച്ച ശേഷം ഇത് വഴി കടന്നുപോയ ആനാകുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ എസ് സോഫിയ, ഡികെ ദീപ എന്നിവര്‍ വഴിയിരികില്‍ അവശയായി ഇരിക്കുന്ന ലക്ഷ്മിയെ കണ്ടു. വാഹനം നിര്‍ത്തി ഉടന്‍ ഇവര്‍ ലക്ഷ്മിയുടെ അടുത്തെത്തി. ലക്ഷ്മിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയാണെന്നു മനസ്സിലായതിനെത്തുടര്‍ന്ന് നഴ്സുമാര്‍ 108 ആംബുലന്‍സിന്റെ സേവനം തേടി.
തുടര്‍ന്ന് ആംബുലന്‍സ് റെസ്പോണ്‍സ് സെന്ററില്‍ നിന്ന് സന്ദേശം ഉടന്‍ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് മെഡിക്കല്‍ ടെക്നീഷ്യന് ഷൈജ രാജന്, പൈലറ്റ് ബോബസ് ജോണ്‍ എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു.
എന്നാല്‍ ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് സോഫിയയുടെയും ദീപയുടെയും പരിചരണത്തില്‍ ലക്ഷ്മി ആണ് കുഞ്ഞിന് ജന്മം നല്കി. പിന്നീട് വേണ്ട പ്രഥമ ശുശ്രൂഷകള്‍ നല്കി ആംബുലന്‍സിലേക്കു മാറ്റി. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ്.