തിരുവനന്തപുരം: അതിഥി തൊഴിലാളിയെ ‘കേരളത്തിന്റെ’ ഭാഗ്യദേവത കടാക്ഷിച്ചു. പശ്ചിമ ബംഗാളില്‍ നിന്നും തിരുവനന്തപുരത്ത് ജോലിക്ക് എത്തിയ അതിഥി തൊഴിലാളി പ്രതിഭാ മണ്ഡലിനാണ് കാരുണ്യ പ്ലസ് ടിക്കറ്റിന്റെ ഇന്നലെ നറുക്കെടുത്ത നമ്പര്‍ pc 359410 ടിക്കറ്റിന്റെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ ലഭിച്ചത്.
ലക്ഷങ്ങളുടെ സൗഭാഗ്യം അപ്രതീക്ഷിതമായി വന്നുചേര്ന്നപ്പോള് ഞെട്ടിപ്പോയ പ്രതിഭാ മണ്ഡല് ആദ്യം പോലീസ് സഹായമാണ് തേടിയത്. സഹായം തേടിയെത്തിയ ആളിനെ കേരള പോലീസും കൈവിട്ടില്ല. സുരക്ഷയൊരുക്കി മാതൃകയായി.
മരുതംകുഴിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി എത്തിയ തൊഴിലാളിയാണ് പ്രതിഭാ മണ്ഡല്. ലക്ഷപ്രഭുവായെന്നു അറിഞ്ഞതോടെ ടിക്കറ്റ് കൈയില്‍ കൊണ്ടു നടക്കാന്‍ അദ്ദേഹത്തിന് ഭയമയി. ഉടന്‍തന്നെ നേരെ പൂജപ്പുര പോലീസ് സ്റ്റേഷനിലേക്ക് പോയി കാര്യം അവതരിപ്പിച്ചു.
പോലീസ് ഒട്ടും മടിക്കാതെ ഇയാള്‍ക്ക് സഹായം വാഗ്ദാനം നല്‍കുകയായിരുന്നു. ബാങ്ക് അക്കൗണ്ടില്ലാത്ത പ്രതിഭാ മണ്ഡലിന് പൂജപ്പൂര കാനറ ബാങ്കില്‍ അക്കൗണ്ട് എടുത്ത് നല്കാന് സൗകര്യം ഒരുക്കി. ബാങ്ക് ഉദ്യോഗസ്ഥരെ പോലീസ് വിവരം അറിയിച്ചു. അവര്‍ സ്റ്റേഷനില്‍ എത്തി ടിക്കറ്റ് സ്വീകരിച്ചു.
ഹിന്ദി മാത്രം വശമുള്ള പ്രതിഭാ മണ്ഡലിന് മേല്‍വിലാസം അറിയില്ല. അതിനാല്‍ ഇന്ന് ഉടമയുമായി എത്തി മേല്‍വിലാസം നല്കി അക്കൗണ്ട് തുറക്കാന്‍ നിര്‍ദേശം നല്കി. ടിക്കറ്റ് പോലീസിന്റെ സാന്നിധ്യത്തില്‍ ലോക്കറിലേക്ക് മാറ്റി. ബാങ്കിലേക്ക് വരാനും തിരികെ മടങ്ങാനും പോലീസ് വാഹനത്തില്‍ തന്നെ സൗകര്യം ഒരുക്കി. ഇന്ന് ലോട്ടറി ഓഫിസില്‍ എത്തി ടിക്കറ്റ് മാറ്റി വാങ്ങും.