നെയ്യാറ്റിന്‍കര: പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചു. മണലിവിള, മഞ്ഞക്കോട്, ഹരിത ഭവനില്‍ ഷെറിന്റെ ഭാര്യ ഹരിത പ്രസവിച്ച ആണ്‍കുഞ്ഞാണ് മരിച്ചത്. ചികിത്സപ്പിഴവാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് വിഎസ്ഡിപി പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. സിസേറിയന് ചെയ്യേണ്ട ഡോക്ടര്‍ യഥാസമയം എത്തില്ലെന്ന് ആക്ഷേപമുണ്ട്. സിസേറിയനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഹരിതയെ എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഹരിതയെ പ്രസവത്തിനായി 20 നാണ് ഗൈനക്കോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഹരിതയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ഡ്യൂട്ടി നഴ്സ് ഹരിതയെ ചികിത്സിക്കുന്ന ഡോ. ക്രിസ്റ്റിയെ വിവരം അറിയിച്ചു. എന്നാല്‍, ഡോക്ടര്‍ എത്താന്‍ വൈകി. സുഖപ്രസവമായിരിക്കുമെന്നാണ് ഡോക്ടര്‍ ഹരിതയുടെ ഭര്‍ത്താവ് ഷെറിനെ അറിയിച്ചിരുന്നത്.
ഹരിതയുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് സിസേറിയന് വിധേയമാക്കുകയായിരുന്നു. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍ ബന്ധുക്കളെ ധരിപ്പിച്ചു. തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ കുഞ്ഞിനെയും അമ്മയെയും കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ യഥാസമയം ആംബുലന്‍സ് ലഭ്യമാക്കാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
എസ്എടി ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുഞ്ഞ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിഎസ്ഡിപി പ്രവര്‍ത്തകര്‍ സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ ഉപരോധ സമരം നടത്തി.
വിഎസ്ഡിപി നേതാക്കളായ എംപി മോഹന്‍, പുന്നയ്ക്കാട് തുളസി, ഷാജിലാല്‍, അജി മാറനല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഉപരോധ സമരത്തെ തുടര്‍ന്ന് ഡിവൈഎസ്പി ആര് വിനോദ് സ്ഥലത്തെത്തി സൂപ്രണ്ട് ഡോ. വത്സലയുമായും സമരക്കാരുമായി ചര്‍ച്ച നടത്തി.
ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. വര്‍ക്കിങ് അറേഞ്ച്മെന്റിലാണ് ഡോ ക്രിസ്റ്റി നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിയതെന്നും ഇത് റദ്ദാക്കണമെന്നും ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് സൂപ്രണ്ട് ഡോ വത്സല അറിയിച്ചു. നവജാതശിശു മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് മുന്‍ എംഎല്‍എ ആര്.സെല്‍വരാജ് ആവശ്യപ്പെട്ടു. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തു.