ആര്യനാട്: പുതുതായി എത്തിയ എസ്ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് കെണിയില്‍ കുടുങ്ങി. നാലാഞ്ചിറ കീഴേവേടന് വിള വീട്ടില്‍ നിന്ന് ആര്യനാട് മീനാങ്കല്‍ തിരുവാതിരയില്‍ താമസം ശ്രീജിത് (34) ആണ് ആര്യനാട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം എലിയാവൂരിലെ സിദ്ദിഖിന്റെ തട്ടുകടയില്‍ ചെന്ന് കാട്ടാക്കടയില്‍ പുതുതായി എത്തിയ എസ്ഐ ആണെന്ന് പറഞ്ഞ് ശ്രീജിത് 500 രൂപയും കൂടാതെ അത്രയും രൂപയ്ക്ക് സാധനങ്ങളും വാങ്ങി. കൂടാതെ, ആര്യനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുക്കുമെന്ന് പറഞ്ഞ് സിദ്ദിഖിന്റെ സുഹൃത്ത് അരുണിനെ പരിചയപ്പെട്ടു. വെള്ളി രാവിലെ അരുണിനെ ഫോണ്‍ ചെയ്ത് സ്റ്റേഷനില്‍ നിന്നും വരുന്ന വഴി കാര്‍ കേടായി എന്നും 1,000 രൂപ എത്തിക്കണമെന്നും ശ്രീജിത് ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.
അരുണ്‍ പണം എത്തിച്ചു കൊടുത്തു. ഉച്ച കഴിഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ അരുണ്‍ ആര്യനാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ തിരക്കഥ അനുസരിച്ച് ശ്രീജിത്തിനോട് കാരനാട് വരാന്‍ അരുണ്‍ ആവശ്യപ്പെട്ടു.
പണം വാങ്ങാന്‍ എത്തിയ സമയം ശ്രീജിത്തിനെ പോലീസ് പിടികൂടുകയായിരുന്നു. തട്ടിപ്പിന് ഉപയോഗിച്ച് സ്കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്ഐമാരായ ബി രമേശന്, എസ് മുരളീധരന് നായര്‍, എഎസ്ഐ എസ് ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജിത്തിനെ പിടികൂടിയത്.