തിരുവനന്തപുരം: ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിക്കൂരയില്‍ നിന്ന് മോചനം, നാട്ടുകാര്‍ക്കൊപ്പം ജനമൈത്രി പോലീസും കൈകോര്‍ത്തതോടെ നിര്‍മ്മലിന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കാവല്ലൂര്കോണം നിവാസിയായ നിര്‍മല്‍ എന്ന വിദ്യാര്‍ത്ഥിക്കു വേണ്ടിയാണു സുമനസ്സുകള്‍ ഒത്തുചേര്‍ന്ന് നാടിന് മാതൃകയാകുന്ന ഭവനസംരംഭം നിര്‍മ്മിച്ചത്.
കൊവിഡ് കാല പ്രതിസന്ധികള്‍ക്കിടെ ഓണ്‍ലൈന്‍ പഠനത്തിനു പോലും നിവൃത്തിയില്ലാതിരുന്ന നിര്‍മ്മലിനും കുടുംബത്തിനും പട്ടം കാവല്ലൂര്കോണം റസിഡന്റ്സ് അസോസിയേഷനും പേരൂര്‍ക്കട ജനമൈത്രി പോലീസുമാണ് കൈത്താങ്ങായത്.
പഠനത്തില്‍ മിടുക്കനായിരുന്ന നിര്‍മലിനു കൊവിഡിന്റെ തുടക്കകാലത്ത് ഓണ്‍ലൈന്‍ പഠനത്തിനു നിവൃത്തിയില്ലായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ തൊഴില്‍ പോലുമില്ലാതെ ദുരിതത്തിലും. ഈ ദയനീയാവസ്ഥ മനസിലാക്കിയ കാവല്ലൂര്കോണം റസിഡന്റ്സ് അസോസിയേഷന് പഠനാവശ്യത്തിനായി ടിവി സെറ്റ് വാങ്ങി നല്കി.
ഇതറിഞ്ഞാണു പേരൂര്‍ക്കട ജനമൈത്രി പോലീസ് ഇവിടം സന്ദര്‍ശിച്ചു ദയനീയാവസ്ഥ നേരിട്ടറിഞ്ഞത്. തുടര്‍ന്ന് വീടു നിര്‍മിച്ചു നല്കാന് തീരുമാനിക്കുകയായിരുന്നു. പേരൂര്‍ക്കട പോലീസിനു കീഴില്‍ വരുന്ന എല്ലാ റസിഡന്റ്സ് അസോസിയേഷനുകളെയും ഈ ദൗത്യത്തില്‍ പങ്കാളികളാക്കി. സുമനസ്സുകളെല്ലാം കൈകോര്‍ത്തപ്പോള്‍ നല്ലൊരു വീടും യാഥാര്‍ഥ്യമായി. നിര്‍മാണം പൂര്‍ത്തിയായ വീടിന്റെ ഉദ്ഘാടനം കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ ബി സുനിഷ് ബാബു നിര്‍വഹിച്ചു.