തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുത്താന സ്വദേശി 24 കാരി ആതിരയെയാണ് ഭര്‍തൃവീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
കറിക്കത്തി കൊണ്ടാണ് കഴുത്ത് മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു. വീട്ടിലെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുന്‍പായിരുന്നു ആതിരയുടെ വിവാഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആതിരയുടെ ഭര്‍ത്താവ് ശരത് രാവിലെ 8 മണിക്ക് അച്ഛനുമൊത്ത് കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാന്‍ വീട്ടില്‍ എത്തിയെങ്കിലും ആരേയും കണ്ടില്ല.
ശരത് എത്തിയ ശേഷം വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ കുളിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ ഇരു കൈകളിലും മുറിവേറ്റ നിലയിലാണ് ആതിരയെ കണ്ടെത്തിയത്. കഴുത്തിലും മുറിവുണ്ടായിരുന്നു. സംഭവത്തില്‍ കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.