പോത്തന്‍കോട്: വഴിയില്‍ കിടന്നു കിട്ടിയ സ്വര്‍ണ്ണവും പണവും അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് യുവതി. പോത്തന്‍കോട് ആനയ്ക്കോട് ലക്ഷംവീട്ടില്‍ സുകന്യ (22)യാണ് അന്യന്റെ മുതല്‍ ആഗ്രഹിക്കാതെ നന്മയുടെ വെളിച്ചമായി മാറിയത്.
സ്വര്‍ണ്ണവും പണവും മാത്രമായിരുന്നില്ല പ്രധാനപ്പെട്ട രേഖകളും ബാഗില്‍ ഉണ്ടായിരുന്നു. ഉടമയെ കണ്ടെത്തി വിലപിടിച്ച സാധനങ്ങള്‍ മടക്കിക്കൊടുക്കുമ്പോള്‍ സുകന്യയ്ക്ക് നിറഞ്ഞ സന്തോഷവും അതിലുപരി ആശ്വാസവും ആയിരുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ ബാഗ് മടക്കി കിട്ടിയപ്പോള്‍ കാരയ്ക്കാമണ്ഡപം സ്വദേശി എന്‍ രാജശേഖരന്നായര്ക്കും ഏറെ ആശ്വാസമായി.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ കിഴക്കേകോട്ട ശാഖയിലെ ജീവനക്കാരിയായ സുകന്യ ഉച്ചയ്ക്ക് പുറത്തു പോയി ഊണുകഴിച്ച് മടങ്ങി വരുമ്പോഴാണ് റോഡരികില്‍ നിന്നു ബാഗ് കിട്ടുന്നത്. തുറന്നു നോക്കിയപ്പോള്‍ പണവും സ്വര്‍ണവും ചില രേഖകളുമുണ്ട്. അതുവഴി വന്ന പോലീസ് ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞപ്പോള്‍ ഉടമയെ തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ നമ്പരില്‍ ബന്ധപ്പെടാന്‍ പറഞ്ഞ് ഉദ്യോഗസ്ഥന് മടങ്ങി.
ഈ സമയം ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ് വിഷമത്തിലായ കാരയ്ക്കാമണ്ഡപം സ്വദേശി രാജശേഖരന്‍നായര്‍ യാത്രചെയ്ത ഇടങ്ങളില്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. ബാങ്കില്‍ പണയം വച്ചിരുന്ന മൂന്നു പവനോളം വരുന്ന സ്വര്‍ണവും 40,000 രൂപയും ബാങ്ക് പാസ്ബുക്കും അടക്കം രേഖകളുമായിരുന്നു ബാഗില്‍. ബൈക്കില്‍ വച്ചിരുന്ന ബാഗ് താഴെ വീണത് അറിയാതെ യാത്ര തുടരുകയായിരുന്നു.
ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ് അന്വേഷണത്തിനിടയിലാണ് രാജശേഖരന്‍നായര്‍ വീണ്ടും ഐസിഐസിഐ ശാഖയിലെത്തിയത്. ഈസമയത്ത് സുകന്യയും അസി. മാനേജരും ബാഗിലെ രേഖകളില്‍ നിന്നു ഫോണ്‍നമ്പര്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ബാഗ് സുരക്ഷിതമായി കൈമാറിയ സുകന്യയ്ക്ക് നന്ദിപറഞ്ഞ്, പാരിതോഷികവും നല്‍കിയാണ് രാജശേഖരന് നായര്‍ മടങ്ങിയത്.