പാറശാല: പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ചതിച്ച്, 30 പവന് സ്വര്‍ണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ വളര്‍ത്തമ്മ തന്നെ ബുദ്ധിപൂര്‍വ്വം കുടുക്കി. പാറശ്ശാലയിലാണ് സംഭവം.
ജയകുമാരി എന്ന സ്ത്രീയെയാണ് വളര്‍ത്തുമകള്‍ ശ്രീനയ മീന്‍വില്‍പ്പനക്കാരനായ കാമുകനുവേണ്ടി വഞ്ചിച്ചത്. പാറശ്ശാല ബാങ്കിലെ ലോക്കറില്‍ ജയകുമാരി സൂക്ഷിച്ചിരുന്ന 30 പവന് സ്വര്‍ണം തട്ടിയെടുത്താണ് ശ്രീനയ കാമുകനൊപ്പം മുങ്ങിയത്.
ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രീനയ മാതാവ് പുറത്തു നില്‍ക്കുകയാണെന്ന് പറഞ്ഞു ലോക്കര്‍ തുറന്നു നല്കാന് ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. താക്കോല്‍ കൈവശം ഉള്ളതിനാലും പലതവണ മാതാവിനോടൊപ്പം വന്നതിനാലും ശ്രീനയെ സംശയം തോന്നാതെ ബാങ്ക് ജീവനക്കാര്‍ ലോക്കര്‍ തുറന്ന് നല്കി.
മകള്‍ വൈകിട്ട് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീനയ കാമുകനൊപ്പം പോയതായി ജയകുമാരി അറിഞ്ഞത്. അതേസമയം തന്റെ ലോക്കറിന്റെ താക്കോല്‍ കാണാനില്ലെന്നു മനസ്സിലാക്കിയ ജയകുമാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടമായ കാര്യവും തിരിച്ചറിയുന്നത്.
എന്നാല്‍ വിട്ടുകൊടുക്കാന്‍ ജയകുമാരി തയ്യാറായിരുന്നില്ല, സ്വര്‍ണ്ണം നഷ്ടപ്പെട്ട കാര്യത്തില്‍ ജയകുമാരി നല്കിയ പരാതി ബാങ്ക് അധികൃതര്‍ പാറശാല പോലീസിന് കൈമാറി. ഇതിനിടെ ശ്രീനയയെ കാണാനില്ലെന്ന് ജയകുമാരി തമിഴ്നാട്ടിലെ പളുങ്കല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്കി. കാമുകനൊപ്പം ബൈക്കിലെത്തിയാണ് ബാങ്ക് ലോക്കറില്‍ നിന്നും ശ്രീനയ സ്വര്‍ണ്ണം എടുത്തന്ന് പോലീസ് പറഞ്ഞു. മാത്രമല്ല സ്വര്‍ണ്ണം അയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ഇതിനിടെ വിവാഹം രജിസ്റ്റര്‍ ചെയ്ത ഇരുവരേയും കാണ്മാനില്ല എന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വൈകിട്ട് കുഴിത്തുറ കോടതിയില്‍ ഹാജരായി. എന്നാല്‍ ആള് മാറാട്ടം നടത്തി മോഷണം നടത്തിയെന്ന് സഹകരണ ബാങ്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പളുങ്കില്‍ പോലീസ് ഇരുവരെയും പാറശ്ശാല പോലീസിന് കൈമാറി.