തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവിലെത്തി തൂങ്ങി മരിക്കാന്‍ ശ്രമിച്ച് യുവാവ്, തക്കസമയത്ത് സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ജീവന് രക്ഷിക്കാനായി. തിരുവനന്തപുരം മാധവപുരം സ്വദേശി അരുണാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.
പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയിലെ തൊഴിലാളിയാണ് അരുണ്‍. ഫേസ്ബുക്ക് ലൈവിലെത്തി മാനേജ്മെന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി കഴിഞ്ഞ 153 ദിവസമായി അടഞ്ഞു കിടക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികള്‍ അന്നുമുതല്‍ ഇവിടെ സമരത്തിലാണ്. ജോലിയില്ലാതെ വിഷമാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന് ആത്മഹത്യ ചെയ്തിരുന്നു.
വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) കമ്പനിക്കുള്ളിലെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രഫുല്ല ചന്ദ്രന് പട്ടിണി മൂലമാണ് ജീവനൊടുക്കിയതെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് മാധവപുരം സ്വദേശി അരുണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അരുണ്‍ 16 വര്‍ഷമായി ഇംഗ്ലീഷ് ഇന്ത്യ ഫാക്ടറി തൊഴിലാളിയാണ്.