തിരുവനന്തപുരം: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി സ്റ്റെയര്‍ ലിഫ്റ്റ് സംവിധാനം ഒരുക്കി നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം. മ്യൂസിയത്തിന്റെ നവീകരണത്തിനൊപ്പമാണ് പുതിയ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സ്റ്റെയര്‍ ലിഫ്റ്റിന്റെ ഉദ്ഘാടനം സ്റ്റെയര്‍ ലിഫ്റ്റില്‍ സഞ്ചരിച്ച് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇരിക്കാവുന്ന കസേര പടിക്കെട്ടിന്റെ കൈവരിക്കൊപ്പം സ്ഥാപിച്ച റെയിലിലൂടെ ഒഴുകി സഞ്ചരിക്കും. സംസ്ഥാനത്ത് മ്യൂസിയങ്ങളില്‍ ഇത്തരം ഒരു സംവിധാനം ആദ്യമാണെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു.
ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കു സാധാരണ ബഹുനില കെട്ടിടങ്ങളില്‍ ലിഫ്റ്റ് ആണ് ആശ്രയം. എന്നാല്‍ പടിക്കെട്ടിനൊപ്പം തന്നെ സഞ്ചരിച്ച് മുകളിലെത്താവുന്ന സ്റ്റെയര്‍ ലിഫ്റ്റ് സംവിധാനമാണ് നാച്വറല്‍ ഹിസ്റ്ററി ഒരുക്കിയിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ മ്യൂസിയങ്ങളെല്ലാം ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കു കൂടി സൗകര്യപ്രദമായ രീതിയിലാണ് സജ്ജമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.