മലയിന്‍കീഴ്: അപകടത്തില്‍ ടയര്‍ പൊട്ടി റോഡിനു നടുവില്‍ കുടുങ്ങിയ ലോറിയില്‍ അറ്റകുറ്റപ്പണി നടത്തി ‘എല്ലാം ശരിയാക്കി’ എസ്എപി ക്യാമ്പിലെ പോലീസുകാര്‍. മലയിന്‍കീഴ്-പേയാട് റോഡില്‍ പാലോട്ടുവിള ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
പാലോട്ടുവിള ജംക്ഷനില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മുന്‍ഭാഗത്തെ വലതു ടയര്‍ പൊട്ടിയ ലോറി നിയന്ത്രണം വിട്ട് റോഡിന് നടുവില്‍ നിന്നു. മെക്കാനിക് എത്തിയാലേ എന്തെങ്കിലും ചെയ്യാനാകൂ എന്ന സ്ഥിതിയായി കാര്യങ്ങള്‍. ലോറി നന്നാക്കാന്‍ പലരെയും ബന്ധപ്പെട്ടെങ്കിലും ആരും വന്നില്ല. സമയം കഴിയുന്തോറും റോഡില്‍ ജനവും വാഹനങ്ങളും നിറഞ്ഞു. തിരക്ക് ഒഴിവാക്കാന്‍ മലയിന്‍കീഴ് പോലീസ് വാഹനങ്ങള്‍ തിരിച്ചു വിടേണ്ട സ്ഥിതിയായി.
ഇതിനിടെയാണ് എസ്എപി ക്യാമ്പിലെ പോലീസുകാരുമായി ഒരു ബസ് അതുവഴി വന്നത്. എല്ലാവരും രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ച അവസ്ഥയില്‍. പക്ഷേ, അതില്‍ ‘പണി’ അറിയാവുന്ന യുവ പോലീസുകാരായ നിയാസ്, ക്രിസ്റ്റി ചാക്കോ, അനൂപ്, ആദര്‍ശ് എന്നിവര്‍ ഇറങ്ങി 15 മിനിറ്റിനുള്ളില്‍ ലോറി ശരിയാക്കി. ടയര്‍ മാറ്റിയിടുകയും ചെറിയ അറ്റകുറ്റപ്പണിയും ചെയ്തു.
പിന്തുണയുമായി മലയിന്‍കീഴ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഹരീഷും ഒപ്പം കൂടി. റോഡില്‍ നിന്ന് ലോറി മാറ്റിയതോടെയാണ് ഗതാഗതക്കുരുക്ക് നീങ്ങിയത്. അങ്ങനെ എസ്എപി ക്യാമ്പിലെ പോലീസുകാര്‍ വന്നതോടെ നടു റോഡില്‍ കിടന്ന ലോറിയും മാറ്റി ഗതാഗത തിരക്കും ഒഴിവായി. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. അതില്‍ ഉണ്ടായിരുന്നയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.