വര്‍ക്കല: ഹൈവോള്‍ട്ടേജ് വൈദ്യുതി ലൈനിലെ ജോലിക്കിടെ ഷോക്കേറ്റ് ഇരുകൈകളും അറ്റുപോയി ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ മകനു വേണ്ടി സഹായം തേടി അമ്മ. ചെമ്മരുതി മാവിന്മൂട് പുത്തന്‍വീട്ടില്‍ ശോഭനയുടെ മകന് നിജിത്തിന്റെ (33) അവസ്ഥ കാണുന്നവര്‍ ആരായാലും അവരുടെ കണ്ണു നനയും.
കരാറുകാരന്റെ കീഴില്‍ വൈദ്യുതി കേബിള്‍ നന്നാക്കല്‍ ജോലി ചെയ്യവേയാണ് നിജിത്തിന് ചെങ്ങന്നൂരിന് സമീപത്ത് വെച്ച് ഷോക്കേറ്റു പരിക്കേറ്റത്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. വിദഗ്ധചികിത്സയും സാമ്പത്തികസഹായവും കാത്ത് താലൂക്ക് ആശുപത്രിയില്‍ ഒരു മാസത്തിലധികമായി കഴിയുന്ന യുവാവിന് അമ്മ മാത്രമാണ് കൂടെയുള്ളത്.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷം വീട്ടിലേക്ക് മാറ്റിയെങ്കിലും മണ്ണുകട്ടയും ഷീറ്റും ഉപയോഗിച്ചു നിര്‍മിച്ച വീട്ടില്‍ താമസിക്കുന്നത് അണുബാധയ്ക്കു കാരണമാകുമെന്നതിനാല്‍ താലൂക്ക് ആശുപത്രി പാലിയേറ്റിവ് കെയര്‍ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ചികിത്സ അത്യാവശ്യമായ നിജിത്തിന്റെ അരികില്‍ അറുപത്തിമൂന്നുകാരിയായ അമ്മ ശോഭന മാത്രമാണുള്ളത്. ജോലി ഏര്‍പ്പാടാക്കിയ കരാറുകാര്‍ കയ്യൊഴിഞ്ഞതോടെ മരുന്നിനും മറ്റുമായി തുക കണ്ടെത്താന്‍ ഒരു മാര്‍ഗമില്ലാതെ അലയുകയാണ് ഈ കുടുംബം.
കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ശോഭനയ്ക്കു അഞ്ചു വര്‍ഷം മുന്‍പ് ബൈപാസ് സര്‍ജറി നടത്തിയിട്ടുണ്ട്. അതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതിന് ഇടയിലാണ് മകനെയും ശുശ്രൂഷിക്കുന്നത്. നിജിത്തിനേയും അമ്മയേയും സുമനസുള്ളവര്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എസ് ശോഭനയുടെ പേരില്‍ നാവായിക്കുളം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 076501000009137 എന്ന അക്കൗണ്ട് നിലവിലുണ്ട്. ഐഎഫ്എസ് കോഡ്: ioba0000765. മൊബൈല്‍: 77364 51965.