തിരുവനന്തപുരം: തിരുവനന്തപുരത്ത് ചാരിറ്റി സംഘടനാ ഭാരവാഹിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്. വ്യാജനെ തിരിച്ചറിയാതെ പണം അയച്ചുകൊടുത്ത സുഹൃത്തുക്കള്‍ക്ക് അരലക്ഷം രൂപയൊളം നഷ്ടമായി. ആറ് പേരില്‍ നിന്നാണ് അരലക്ഷം രൂപ തട്ടിച്ചത്.
സ്വസ്തി ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി എബി ജോര്‍ജിന്റെ ചിത്രം ഉപയോഗിച്ച് അദ്ദേഹത്തിന്റെ പേരില്‍ നിര്‍മിച്ച വ്യാജ അക്കൗണ്ടിലൂടെ ആയിരുന്നു തട്ടിപ്പ്. എബി ജോര്‍ജ് ആണെന്നു വിശ്വസിച്ചു അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് പണം നല്‍കിയത്. ഈ അക്കൗണ്ടിലെ എഫ്ബി മെസഞ്ചറില്‍ നിന്നു ഒട്ടേറെ പേര്‍ക്ക് 8000 രൂപ ആവശ്യപ്പെട്ടു സന്ദേശം വന്നു.
തടര്‍ന്ന് പണം അയച്ചിട്ടുണ്ട് എന്നു കാണിച്ചു സുഹൃത്തുക്കള്‍ അയച്ച വാട്സാപ്പ് സന്ദേശം കണ്ടപ്പോഴാണ് എബി ജോര്‍ജ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടനെ കമ്മിഷണര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്കി. അതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു വ്യാജന് മുങ്ങി.
രണ്ട് ആഴ്ച മുന്‍പാണ് എബി ജോര്‍ജിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നു സൗഹൃദം തേടി പലര്‍ക്കും സന്ദേശം എത്തിയത്. പിന്നാലെ പണം ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ വന്നു. മറ്റൊരാള്‍ക്ക് പണം നല്‍കാനുണ്ട്. തന്റെ ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍ ഗൂഗിള്‍ പേ വഴി 8000 രൂപ അയച്ചു കൊടുക്കണം. ഇതായിരുന്നു എബിയുടെ ഒരു സുഹൃത്തിന് വന്ന സന്ദേശം.
എബിയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കള്‍ ഉടന്‍ തന്നെ പണം അയച്ചു. അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നയാളും എബിയുടെ ബന്ധുക്കളും ഇതുപോലെ തട്ടിപ്പിന് ഇരയായി. നിലവില്‍ 6 പേര് മാത്രമാണ് പണം അയച്ച വിവരം എബിയെ അറിയിച്ചത്.
നഗരത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, സ്പെഷല്‍ ബ്രാഞ്ച് എസ്ഐ തുടങ്ങി പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജ എഫ്ബി അക്കൗണ്ട് നിര്‍മിച്ച് പണം തട്ടിയിരുന്നു. അന്നു എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നഷ്ടമായിരുന്നു.
അതേസമയം, തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ വഴി ലാപ്ടോപ്പ് ബുക്ക് ചെയ്ത യുവാവിന് 3.20 ലക്ഷം രൂപ നഷ്ടമായത് ഒക്ടോബറില്‍ തന്നെയാണ്. ഒക്ടോബര്‍ 26 നായിരുന്നു യുവാവ് ലാപ്ടോപ്പ് വാങ്ങുന്നതിനായി മുന്‍കൂര്‍ പണം നല്കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. അമേരിക്കയില്‍ നിന്ന് കൊറിയര്‍ വഴി ലാപ്ടോപ്പ് അയച്ചുനല്കാമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ പറഞ്ഞ തിയ്യതിയില്‍ ലാപ്ടോപ്പ് ലഭിച്ചില്ല. മാത്രമല്ല കൂടുതല്‍ തുക ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിലുള്ള പല ഐടി പ്രൊഫഷണലുകളും ഇത്തരം ചതിയില്‍ പെട്ടതായി മനസിലക്കാന്‍ സാധിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍, ജോബ് സൈറ്റുകള്‍ വഴി പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായും അതിനാല്‍ ഓണ്‍ലൈന്‍ വഴി പണം കൈമാറ്റം ചെയ്യുന്നവര്‍ വിശ്വാസ്യത ഉറപ്പുവരുത്തി മാത്രമേ പണം കൈമാറാവൂ എന്നും സിറ്റി ക്രൈം പോലീസ് സ്റ്റേഷന് എസിപി ടി ശ്യാംലാല്‍ അറിയിച്ചിരുന്നു.