പത്തനംതിട്ട: അഞ്ച് മണിക്കൂര്‍ കൊണ്ട് 195 രാജ്യങ്ങളുടെ ദേശീയ പതാകകള്‍ കാണാതെ സിഡിയില്‍ വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച് വിദ്യാര്‍ത്ഥി. പത്തനംതിട്ട റാന്നി സ്വദേശിനി ക്രിസ്റ്റി പുന്നൂസ് ആണ് നേട്ടം സ്വന്തമാക്കിയത്.
റാന്നി അങ്ങാടി പുളിമുക്ക് മാണിക്യം വീട്ടില്‍ പുന്നൂസ്, എല്‍സ ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയ ആളായ ക്രിസ്റ്റി കോഴഞ്ചേരി സെന്റ് തോമസ് കോളജ് ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
ഓരോ രാജ്യത്തിന്റെ പതാകകളുടെ നിറങ്ങളും അവയിലെ ചെറിയ അടയാളങ്ങളും ക്രിസ്റ്റിക്കു മനഃപാഠമാണ്. ദേശീയ പതാകകള്‍ ആയതിനാല്‍ ചെറിയ കുത്തുകള്‍ പോലും വലിയ തെറ്റായി മാറും. അതിനാല്‍ അതിസൂക്ഷ്മമായാണ് മിടുക്കി വരച്ചത്.
ചിത്ര രചന പരിശീലനത്തിനായി നേരത്തെ വീട്ടില്‍ വാങ്ങിയ നിറങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പ്രത്യേകമായി വാങ്ങേണ്ടി വന്നില്ല. ചെറിയ ബ്രഷാണ് ഉപയോഗിച്ചത്. 2 സീഡിയിലാണ് മുഴുവന്‍ ചിത്രീകരിച്ചത്. എല്ലാം വിഡിയോയില്‍ പകര്‍ത്തിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനു സമര്‍പ്പിച്ചത്.