പത്തനംത്തിട്ട: തനിച്ചു താമസിക്കുന്ന 71കാരി വീട്ടമ്മയുടെ ജീവനു തുണയായി ബെല്‍ ഓഫ് ഫെയ്ത്ത്. പന്തളം തോന്നല്ലൂരിലെ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന ഗ്രേസി ജോര്‍ജിനാണു വയോജനങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി പോലീസ് സേന ഏര്‍പ്പെടുത്തിയ ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയിലൂടെ വലിയ ഒരു ദുരന്തത്തില്‍ നിന്ന് ജീവന് രക്ഷിക്കാനായത്.
നാലു പെണ്മക്കളുടെ അമ്മയാണ് ഗ്രേസി. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. മക്കളുടെ വിവാഹ ശേഷം ഒറ്റയ്ക്കായിരുന്നു താമസം. തനിച്ചു താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ബെല്‍ ഓഫ് ഫെയ്ത്ത് എന്ന സംവിധാനം നടപ്പാക്കിയപ്പോള്‍, ഗ്രേസിയുടെ വീട്ടിലും ഇത് സൗജന്യമായി സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ശുചിമുറിയില്‍ കയറിയ ഇവര്‍ തെന്നിവീണു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെങ്കിലും മനഃസാന്നിധ്യം കൈവിട്ടില്ല. പരസഹായത്തിന് ആരും ഇല്ലാത്ത സാഹചര്യത്തില്‍ ബെല്‍ ഓഫ് ഫെയ്ത്തിന്റെ ഭാഗമായി വീട്ടില്‍ കരുതിയിരുന്ന ബെല്ല് അമര്‍ത്തി. ഇതോടെ വീടിനു പുറത്തു സൂക്ഷിച്ചിരുന്ന അലാം ഉടന്‍ മുഴങ്ങി. ഇതു കേട്ട പോലീസ് നൈറ്റ് പട്രോള്‍ സംഘം ശബ്ദം തിരിച്ചറിഞ്ഞ് സഹായത്തിന് എത്തുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന എസ്ഐ സന്തോഷ് കുമാര്‍, സിപിഒ അനൂപ് എന്നിവര്‍ വീട്ടിലെത്തി ഗ്രേസിയെ ഉടന്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം ഗ്രേസി ഇപ്പോള്‍ മാവേലിക്കരയിലെ മകളുടെ വീട്ടില്‍ സുഖം പ്രാപിച്ചുവരുന്നു. ജീവന് തിരിച്ചു നല്കിയ പോലീസ് സേനയ്ക്ക് നന്ദിയും സ്നേഹവും മനസ്സില്‍ സൂക്ഷിക്കുകയാണ് ഈ 71 വയസ്സുകാരി.
ബെല്‍ ഓഫ് ഫെയ്ത്ത്
മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ വിരല്‍ത്തുമ്പില്‍’ എന്ന ആശയത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ബെല്‍ ഓഫ് ഫെയ്ത്ത് നടപ്പാക്കിയത്. തനിച്ച് വീടുകളില്‍ കഴിയുന്ന വയോജനങ്ങള്‍ക്ക് ഒരു കൈയകലത്തില്‍ സഹായം ഉറപ്പാക്കുകയാണ് ജനമൈത്രി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജനുവരി 28 ന് ജില്ലയില്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ലക്ഷ്യം.