പത്തനംതിട്ട: ആശുപത്രിയിലേക്ക് പോകുംവഴി ആംബുലന്‍സിനുള്ളില്‍ യുവതികള്‍ക്ക് സുഖപ്രസവം. പത്തനംതിട്ടയിലും തൃശൂരിലുമാണ് ‘കനിവ് 108’ ആംബുലന്‍സിനുള്ളില്‍ യുവതികള്‍ പ്രസവിച്ചത്.
പത്തനംതിട്ട തിരുവല്ല കോയിപ്രം താവളത്തില്‍ റോയ്സിന്റെ ഭാര്യ മേഘ (24) പെണ്‍കുഞ്ഞിനും തൃശൂര്‍ അതിരപ്പള്ളി ആനക്കയം മുക്കുംപുഴ കോളനയില്‍ സുബീഷിന്റെ ഭാര്യ മിനിക്കുട്ടി (32) ആണ്‍കുഞ്ഞിനും ആംബുലന്‍സിനുള്ളില്‍ വച്ച് ജന്മം നല്കി.
തിങ്കളാഴ്ച പുലര്‍ച്ചെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മേഘയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശം നല്കി.
തുടര്‍ന്ന് കണ്ട്രോള് റൂമില്‍ നിന്നുള്ള നിര്‍ദേശാനുസരണം പുലര്‍ച്ചെ 5.30ന് തിരുവല്ല താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍ ടിഡി രാജീവ്, പൈലറ്റ് പി. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയത്തേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ ചങ്ങനാശേരി മന്ദിരംകവല ഭാഗത്ത് വച്ച് 6.08ന് മേഘ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്കി അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രാവിലെ 7.30നാണ് തൃശൂര്‍ അതിരപ്പിള്ളി ആനക്കയം മുക്കുംപുഴ കോളനിയില്‍ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് വിനീഷ് വിജയന്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍ സിജി ജോസ് എന്നിവര്‍ സ്ഥലത്തെത്തി മിനിക്കുട്ടിയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്കു പുറപ്പെട്ടു.
8.45ന് പുളിയലപാറ എത്തിയപ്പോള്‍ മിനിക്കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുബീഷ്-മിനിക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്.