അടൂര്‍ : കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ബൈപ്പാസില്‍ ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. മണക്കാല സ്വദേശി ജോണ്സണ്(54), ആലപ്പുഴ സ്വദേശി മിഥുന്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പന്തളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറും നെല്ലിമൂട്ടില്പ്പടിയില്നിന്ന് ഹൈസ്കൂള്‍ ജങ്ഷന് ഭാഗത്തേക്കുപോയ പിക്കപ്പും ആണ് അപകടത്തില്‍പ്പെട്ടത്. ജോണ്‍സനെ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജിലും മിഥുനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കാര്‍ ഓടിച്ചിരുന്നത് മിഥുനും പിക്കപ്പ് ഓടിച്ചത് ജോണ്‍സണുമായിരുന്നു. അപകടവിവരം അറിഞ്ഞ് സമീപത്തുനിന്നവരും വാഹന യാത്രികരും സംഭവസ്ഥലത്ത് എത്തിയെങ്കിലും പരിക്കേറ്റവരെ എടുക്കാന്‍ ആദ്യം ഒന്നു മടിച്ചു. കരസേനയിലെ സൈനികനായ പെരിങ്ങനാട് പ്രണവം വീട്ടില്‍ പ്രസാദിന് ഇത് കണ്ടുനില്ക്കാന് സാധിച്ചില്ല.
മടിച്ചു നില്‍ക്കാതെ പ്രസാദ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെ മറ്റുള്ളവരും സഹായത്തിനായി എത്തി. ഗുരുതരമായ പരിക്കേറ്റ് വാഹനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്ന പിക്കപ്പ് ഡ്രൈവറെ പുറത്തെടുക്കാനുള്ള നാട്ടുകാരുടെ ആദ്യ ശ്രമം പരാജയപ്പെട്ടു.
തുടര്‍ന്ന് പ്രസാദ് പോലീസിനേയും അഗ്നിശമനസേനയേയും വിവരം അറിയിച്ചു. അഗ്നിശമനസേനയും പോലീസുമെത്തി പിക്കപ്പ് വെട്ടി പൊളിച്ചാണ് ജോണ്‍സനെ പുറത്തെടുത്തത്. കോവിഡ് ഭയംകൊണ്ടാകാം ഒരുപക്ഷേ ആരും രക്ഷാപ്രവര്‍ത്തനത്തിന് അടുക്കാഞ്ഞതെന്ന് പ്രസാദ് പറയുന്നു.