പാലക്കാട്: വോട്ടെണ്ണല്‍ ദിവസം നഗരസഭാ ഓഫീസിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍ സോഷ്യല്‍ മീഡിയയിലും സംഭവം ആളിക്കത്തുകയാണ്. ഇതിനെതിരെ ബിജെപിയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ ട്രോളുകളുടെ പൊടിപൂരമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
പാലക്കാടിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ സംഭവത്തെ തള്ളിപ്പറഞ്ഞെങ്കിലും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ പോലുള്ള ചില നേതാക്കള്‍ ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്.
ഡിവൈഎഫ്ഐ ദേശീയ പതാക പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തുന്നത് കണ്ട ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തി എന്ന് പറയുന്ന ട്രോളുകളും ആരെയൊക്കെ വിജയിപ്പിച്ചാലും ബിജെപിയെ പരാജയപ്പെടുത്തണം എന്ന് പറഞ്ഞിന്റെ കാരണം ഇതാണ്… എന്ന തരത്തിലുള്ള ട്രോളുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു നഗരസഭയുടെ ഭരണം ബിജെപിക്ക് ലഭിക്കുന്നത്. പാലക്കാട് നഗരസഭയിലാണ് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിലേറുകയായിരുന്നു.
ചെയര്‍പേഴ്സണായി പുത്തൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നിന്ന് മത്സരിച്ച പ്രമീള ശശിധരനെ തെരഞ്ഞെടുത്തു. 52 അംഗ കൗണ്‍സിലില്‍ പ്രമീളയ്ക്ക് 24 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയയ്ക്ക് 19 വോട്ടും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി എ കുമാരിക്ക് 10 വോട്ടുമാണ് ലഭിച്ചത്.