മലപ്പുറം: നാര്‍ക്കോട്ടിക്സ് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ പാല ബിഷപ്പ് പരസ്യമായി മാപ്പ് പറയുക തന്നെ വേണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ.
ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന മതനേതാക്കളും മേല്‍ അദ്ധ്യക്ഷന്മാരും സമൂഹത്തിന്റെ ഭദ്രതക്കും നന്മക്കും സൗഹാര്‍ദ്ദത്തിനും ഉതകുന്ന രൂപത്തില്‍ മാത്രമേ സംസാരിക്കാവൂ, പാല ബിഷപ്പിന്റെ പ്രസ്താവന ഈ ആശയത്തിന് വിരുദ്ധവും സമൂഹത്തില്‍ ചിദ്രതയും അനൈക്യവും ഉണ്ടാക്കാന്‍ കാരണമാണെന്നും ആയത് കൊണ്ട് പ്രസ്താവന പിന്‍വലിച്ചു അത് സംബന്ധിച്ച് ഉണ്ടാകുന്ന തുടര്‍ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ അദ്ദേഹം തയ്യാറാവണമെന്ന് മുഹമ്മദ് ഖാസിം കോയ അഭ്യര്‍ത്ഥിച്ചു.
അതേസമയം, പാല ബിഷപ്പിന്റെ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലീം മത സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ മതസൗഹാര്‍ദം നഷ്ടപ്പെടുത്തുന്ന ഒരു പ്രസ്താവനയും ശരിയല്ല. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്ക്കാന് പാടില്ല. ശക്തമായ നടപടികളും ഇടപെടലും ഉണ്ടാവണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ വിഷയത്തില്‍ സര്‍വ കക്ഷിയോഗം വിളിക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. വിവാദ പ്രസ്താവന നടത്തിയിട്ടും വളരെ പക്വതയോടെയാണ് മുസ്ലീം സംഘടനകള്‍ വിഷയത്തില്‍ പ്രതികരിച്ചതെന്ന് യോഗത്തിന് ശേഷം ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.