തേഞ്ഞിപ്പലം: പുത്തൻ വസ്ത്രം ഓൺലൈനിൽ ഓർഡർ ചെയ്തു. കിട്ടിയതോ ഉപയോഗിച്ചുപഴകിയത്. ചേലേമ്പ്ര സ്വദേശിയായ യുവതിയാണ് ഓൺലൈൻ വ്യാപാരത്തിൽ കബളിപ്പിക്കപ്പെട്ടത്.
‘മിസ്റ്റി ഹബ്’ എന്നപേരിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ലിങ്ക് ഉപയോഗിച്ചാണ് സാധനം ഓർഡർചെയ്തത്. പാഴ്സൽ വീട്ടിലെത്തുമ്പോൾ പണം നൽകുന്നതായിരുന്നു രീതി.
സ്വകാര്യ കൂറിയർ ഏജൻസി വഴി എത്തിച്ച പാഴ്സൽ പണംനൽകി വാങ്ങി തുറന്നുനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. വെബ്സൈറ്റിൽ ലഭ്യമാക്കിയ നമ്പറിൽ പരാതിപ്പെടാൻ നോക്കിയപ്പോൾ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. സാധനം തിരികെനൽകാനുള്ള ലിങ്കും ലഭ്യമല്ല.
അതേസമയം, സമാനമായരീതിയിൽ പലരും തട്ടിപ്പിനിരയായിട്ടുണ്ട്. മനോഹരമായ ചിത്രങ്ങൾ നൽകിയും വിലയിൽ പകുതിയോളം കിഴിവുനൽകിയും കുറഞ്ഞകാല ഓഫർ എന്നപേരിൽ വരുന്ന ഇന്റർനെറ്റ് പരസ്യങ്ങളിലൂടെ വഞ്ചിക്കപ്പെടാൻ സാധ്യതയേറെയാണ്. വിശ്വസ്തതയുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ ഔദ്യോഗിക ആപ്പ് വഴിയോ നേരിട്ടുള്ള വെബ്സൈറ്റ് വിലാസത്തിലൂടെയോ മാത്രം സാധനങ്ങൾ വാങ്ങുന്നതാണ് ഉചിതമെന്ന് സൈബർ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.