പുളിക്കല്‍: ഒരു നാടിന്റെ മുഴുവന്‍ അനുഗ്രഹാശ്ശിസുകളും ഏറ്റുവാങ്ങി ചക്രക്കസേരയിലിരുന്ന് സഹദും ജസീലയും ജീവിതത്തില്‍ ഒന്നിച്ചു. രണ്ടാംവയസ്സില്‍ പോളിയോബാധിച്ച ജസീലയുടേയും ജന്മനാ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന സഹദ് മുഹമ്മദിന്റെയും ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തിന് വീട്ടുകാരും നാട്ടുകാരും ഒപ്പം നിന്നു.
പെരിന്തല്‍മണ്ണ തിരിയാലപ്പെറ്റ വീട്ടില്‍ പരേതരായ അസൈനുവിന്റെയും നഫീസയുടെയും മകളാണ് ജസീല. മഞ്ചേരി പൂഴിക്കുത്ത് അബ്ദുള്ളയുടെയും റൈഹാനത്തിന്റെയും മകനാണ് സഹദ്. എബിലിറ്റി ഫൗണ്ടേഷന് തിരൂരില്‍ ഒരു വര്‍ഷം മുമ്പ് പൊരുത്തം എന്ന പേരില്‍ നടത്തിയ ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള വിവാഹ അന്വേഷണ സംഗമമാണ് ഇരുവരുടെയും വിവാഹത്തിന് നിമിത്തമായത്.
ബി എക്കു പഠിക്കുന്ന സഹദ് ഏതാനും മാസങ്ങളായി എബിലിറ്റി കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ജോലിചെയ്തുവരികയാണ്. തന്നെപ്പോലെ ഭിന്നശേഷിയായ യുവതിയെ മാത്രമേ വധുവായി സ്വീകരിക്കൂ എന്ന് സഹദ് നിശ്ചയിച്ചിരുന്നു.
ജസീലയ്ക്ക് ജീവിതം കുഞ്ഞുനാളിലേ വെല്ലുവിളിയായിരുന്നു. ഒരു വയസ്സായപ്പോള്‍ പിതാവും അഞ്ചു വയസ്സില്‍ മാതാവും നഷ്ടപ്പെട്ടു. രണ്ടാംവയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ ചലനശേഷിയും ഇല്ലാതായി. ഫാഷന്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കി ഇവിടെയുള്ള എബിലിറ്റി പ്രൊഡക്ഷന്‍ കേന്ദ്രത്തില്‍ ഫാഷന്‍ ഡിസൈനര്‍ ജോലി ചെയ്തുവരികയാണ് ജസീല.
പുളിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷനും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നന്മ കെയര്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന് ഫോര്‍ ദി ഡിസേബ്ള്‍ഡ് അങ്കണത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍.
പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെകെ മുഹമ്മദ്, ജില്ലാപഞ്ചായത്ത് അംഗം സുഭദ്ര ശിവദാസന്‍, എബിലിറ്റി ഫൗണ്ടേഷന് ചെയര്മാന് കെ. അഹമ്മദ് കുട്ടി, നന്മ കെയര്‍ ഫൗണ്ടേഷന് ചെയര്മാന് സലീം ബാബു, നാസര്‍ മാനു, എന്‍എം അബ്ദുല്‍ ജലീല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നവദമ്പതികള്‍ക്ക് വീട് വെച്ചുനല്‍കാന്‍ വിവാഹത്തില്‍ പങ്കെടുത്ത നാസര്‍മാനു എന്ന ആള് സന്നദ്ധത അറിയിച്ചിട്ടുണ്ട്.