നിലമ്പൂര്‍: ആദിവാസി ഊരുകളിലെത്തി പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു, കോളനിയിലെ യുവാക്കള്‍ക്ക് ഫുട്ബോള്‍ കിറ്റ് വിതരണംചെയ്തു പോലീസുകാര്‍. ആദിവാസികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരംകാണുന്നതിന് പുതുതായി രൂപവത്കരിച്ച നിലമ്പൂര്‍ പോലീസ് സബ് ഡിവിഷനിലെ ഡിവൈഎസ്പി വിവി ബെന്നിയാണ് ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചത്.
പൂക്കോട്ടുംപാടം പോലീസ്സ്റ്റേഷന് പരിധിയിലെ നെടുങ്കയം ആദിവാസിക്കോളനിയിലെത്തി കോളനി നിവാസികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. കോളനി നിവാസികള്‍ പ്രധാനമായും ആവശ്യപ്പെട്ടത് വന്യമൃഗശല്യത്തിന് പരിഹാരംകാണുക, ആദിവാസി ഊരിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ടൗണുമായി ബന്ധപ്പെടാനുള്ള ഗതാഗത സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ്. ഇതുകൂടാതെ കോളനിയിലെ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനത്തിനുള്ള സൗകര്യം വേണമെന്ന ആവശ്യവും ഉന്നയിച്ചു.
തുടര്‍ന്ന് വഴിക്കടവ് പോലീസ്സ്റ്റേഷന് പരിധിയിലെ ഉള്‍വനത്തിലുള്ള പുഞ്ചക്കൊല്ലി ആദിവാസിക്കോളനിയിലും സന്ദര്‍ശനം നടത്തി. അവരുടെ വിവിധ പ്രശ്നങ്ങള്‍ കേട്ടശേഷം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം വാക്കുകൊടുത്തു. കോളനിയിലെ യുവാക്കള്‍ക്ക് ഫുട്ബോള്‍ കിറ്റ് വിതരണംചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക ഫണ്ടുപയോഗിച്ചാണ് ഫുട്ബോള്‍ കിറ്റുകള്‍ വിതരണംചെയ്തത്. ആദിവാസികളുടെ ആവശ്യത്തിനനുരിച്ച് കൂടുതല്‍ ഫണ്ട് വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണമാണ് ഡിവൈഎസ്പി വിവിധ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തിയത്.