പെരിന്തല്‍മണ്ണ: ആശുപത്രിയിലേക്ക് പോകുന്നവഴി കൊവിഡ് ബാധിതയായ യുവതിക്ക് കനിവ് ആംബുലന്‍സില്‍ സുഖപ്രസവം. സമയോചിതമായി ഇടപെട്ട് വിദഗ്ധ ചികിത്സ നല്കി അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷിച്ച ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യമന്ത്രി കെകെ ശൈലജ അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനം രേഖപ്പെടുത്തിയത്.
ജില്ലാ ആശുപത്രിയില്‍നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് അയച്ച കൊവിഡ് ബാധിതയായ യുവതിയാണ് വഴിമധ്യേ ആംബുലന്‍സില്‍ പ്രസവിച്ചത്. തമിഴ്നാട് സേലം സ്വദേശിനിയായ ഇരുപത്താറുകാരിയാണ് കനിവ് 108 ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് അഡ്മിറ്റായ യുവതിക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ ഇവര്‍ക്ക് രോഗമുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉടന്‍തന്നെ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
ഏലംകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കനിവ് 108 ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മങ്കടയിലെത്തിയപ്പോള് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും ആരോഗ്യ സ്ഥിതി വഷളാവുകയും ചെയ്തു. ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍ ആര് വിനീത് നടത്തിയ പരിശോധനയില്‍ പ്രസവ സമയമായതായി വ്യക്തമായി.
തുടര്‍ന്ന് പൈലറ്റ് സിപി മനുമോഹന്‍ വാഹനം ഒതുക്കി നിര്‍ത്തി പ്രസവത്തിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. പ്രസവശേഷം പ്രഥമ ശുശ്രൂഷ നല്കി വീണ്ടും മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടെങ്കിലും ആനക്കയമെത്തിയപ്പോള് വാഹനം തകരാറിലായി. പിന്നീട് പൈലറ്റ് പിഎച്ച് സജയന്, ചന്ദ്രശേഖര്‍ എന്നിവര്‍ മറ്റൊരു ആംബുലന്‍സുമായെത്തി യുവതിയെയും കുഞ്ഞിനെയും മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.
യുവതിയുടെ രണ്ടാമത്തെ പ്രസവമാണിത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന കൊവിഡ് ബാധിച്ച അമ്മമാരുടെ മൂന്നാമത്തെ പ്രസവമാണിത്.