തിരൂരങ്ങാടി: നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചയാളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞപ്പോള്‍ പ്രതിയെ കണ്ട് ഞെട്ടി കാര്‍ഡ് ഉടമ. അത് മറ്റാരുമായിരുന്നില്ല കൂടെ ജോലിചെയ്യുന്ന ഉറ്റ സുഹൃത്ത്.
മൂന്നിയൂര്‍ സ്വദേശിയുടെ എടിഎം കാര്‍ഡാണ് നഷ്ടമായിരുന്നത്. ഇതുപയോഗിച്ച് 2 ദിവസങ്ങളിലായി 25,000 രൂപ പിന്‍വലിച്ചു. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ മാസം 6ന് ഇരുവരും യാത്ര പോകുന്നതിനിടെ എടിഎം കാര്‍ഡ് താഴെ വീണപ്പോള്‍ സുഹൃത്ത് കൈവശപ്പെടുത്തുകയായിരുന്നു. ഒരു മാസം മുന്‍പ്, സുഹൃത്തിന്റെ ഫോണ്‍ നന്നാക്കിയതു കാണിച്ചപ്പോള്‍ അതില്‍ സേവ് ചെയ്തിരുന്ന എടിഎം പിന് നമ്പര്‍ ഇയാള്‍ മനസ്സിലാക്കുകയും ചെയ്തു.
അന്നു രാത്രി കൊളപ്പുറത്തെ എസ്ബിഐ എടിഎമ്മില്‍ എത്തി പണം പിന്‍വലിച്ചു. ആദ്യം 10000 രൂപയും പിന്നീട് 5000 രൂപയും. അടുത്ത ദിവസം രാത്രി ഗ്രാമീണ്‍ ബാങ്കിന്റെ എടിഎമ്മില്‍ എത്തി 10000 രൂപയുമാണ് പിന്‍വലിച്ചത്.
പണം നഷ്ടപ്പെട്ടത് കഴിഞ്ഞ മാസം 29ന് ആണ് കാര്‍ഡ് ഉടമ അറിയുന്നത്. അതേസമയം, മാപ്പുപറഞ്ഞ് പണം തിരികെ കൊടുത്തതോടെ പരാതി പിന്‍വലിക്കാനാണു തീരുമാനം.