തനിക്ക് സൗഭാഗ്യങ്ങള്‍ തന്ന ഗള്‍ഫ് നാടിന്റെ ഓര്‍മകള്‍ ഇങ്ങ് കേരളത്തിലും അനുഭവവേദ്യമാകുന്ന വീട് നിര്‍മ്മിച്ച് മലപ്പുറംകാരന്. മലപ്പുറം ജില്ലയിലെ കാക്കത്തടം എന്ന സ്ഥലത്താണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.
ദുബായില്‍ ബിസിനസ് നടത്തുന്ന നാസറിന്റെ ആഗ്രഹത്തിലാണ് അറേബ്യന്‍ തീമില്‍ ഈ സ്വപ്നസൗധം ഉയര്‍ന്നത്. ടര്‍ക്കിഷ് ഡിസൈനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുറംകാഴ്ച. അധികം ഗിമ്മിക്കുകള്‍ ചെയ്യാതെ പ്ലെയിന്‍ ഡിസൈനില്‍ എലിവേഷന് ഒരുക്കി. അകത്തേക്ക് കയറുമ്പോഴാണ് അദ്ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ഗൃഹനാഥന്റെ അനേക വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ വീട്. ഡിസംബറിലായിരുന്നു പാലുകാച്ചല്‍.
വീടിന്റെ പ്രൗഢി നന്നായി ആസ്വദിക്കാന്‍ പാകത്തില്‍ അതിവിശാലമായ മുറ്റം വേര്‍തിരിച്ചു. ഗെയ്റ്റില്‍ നിന്നും നീണ്ട ഡ്രൈവ് വേയിലൂടെ വേണം പോര്ച്ചിലേക്കെത്താന്. ഈ വഴികളില്‍ മോഷന്‍ സെന്‍സര്‍ ലൈറ്റുകള്‍ നല്കി. വാഹനങ്ങള്‍ വരുമ്പോള്‍ തനിയെ ഇവ പ്രകാശിക്കും. ഇത് സോളറിലാണ് പ്രവര്‍ത്തിക്കുന്നത്.
പോര്‍ച്ച്, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയര്‍ സ്പേസ്, ലേഡീസ് സിറ്റിങ്, കിച്ചന്, വര്‍ക്കേരിയ, മൂന്നു കിടപ്പുമുറികള്‍ എന്നിവ താഴത്തെ നിലയില്‍ വിന്യസിച്ചു. മുകള്‍നിലയില്‍ ലിവിങ്, ഹോം തിയറ്റര്‍, ജിം, മൂന്നു കിടപ്പുമുറികള്‍, ബാല്‍ക്കണി എന്നിവയും ക്രമീകരിച്ചു. മൊത്തം 12500 ചതുരശ്രയടിയുടെ വിശാലതയിലാണ് ഈ സൗധം തലയുയര്‍ത്തി നില്‍ക്കുന്നത്.
തുറസായ നയത്തിലാണ് അകത്തള ക്രമീകരണം. പ്രധാന വാതില്‍ തുറന്നു കയറുന്നത് അതിവിശാലമായ ഹാളിലേക്കാണ്. ഇതിന്റെ ഓരോ ഇടങ്ങളിലായി ഓരോ സ്പേസുകള്‍ വിന്യസിക്കുകയാണ് ചെയ്തത്. ഇറ്റാലിയന്‍ മാര്‍ബിളിന്റെ പ്രൗഢിയാണ് പൊതുവിടങ്ങളില്‍ നിലത്തുവിരിയുന്നത്. ഫര്‍ണിച്ചറുകള്‍ മിക്കതും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തവയാണ്. അകത്തളത്തില്‍ കമനീയ കാഴ്ചകള്‍ നിറയ്ക്കുന്ന ലൈറ്റുകളും സീലിങ്ങുമൊക്കെ ദുബായില്‍ നിന്നും വാങ്ങിക്കൊണ്ടുവന്നതാണ്.
അകത്തളത്തില്‍ ശ്രദ്ധാകേന്ദ്രം ഇരുനിലകളായി പടര്‍ന്നുകിടക്കുന്ന ഗോവണിയുടെ കൈവരികളാണ്. നേരത്തെ വീട് ചാനല്‍ പ്രസിദ്ധീകരിച്ച വയനാട്ടിലെ അറയ്ക്കല്‍ പാലസ് എന്ന ആഡംബര വീട്ടിലെ ഗോവണി ചെയ്ത ടീം തന്നെയാണ് ഇവിടെയും ഗോവണി നിര്‍മിച്ചത്.അലോയ് ഫിനിഷിലാണ് ധാരാളം കൊത്തുപണികളുള്ള ഈ വമ്പന്‍ കൈവരികള്‍.
ഡൈനിങ് ഏരിയയില്‍ നിന്നും ലേഡീസ് സിറ്റിങ്ങില്‍ നിന്നും സ്വകാര്യതയോടെ ചിട്ടപ്പെടുത്തിയ പൂള്, റിക്രിയേഷന്‍ ഏരിയയിലേക്ക് പ്രവേശിക്കാം. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, വീട്ടിലുള്ളപ്പോള്‍ വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍, വീട്ടുകാരുടെ ഫേവറിറ്റ് സ്പേസ് ആയി ഇവിടംമാറി. അതിവിശാലമാണ് കിടപ്പുമുറികള്‍. മുകളിലെ കിടപ്പുമുറികളില്‍ വുഡന്‍ ഫ്ളോറിങ് വിരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡെഡിക്കേറ്റഡ് ഡ്രസിങ് സ്പേസ്, സീറ്റിങ് സ്പേസ് എന്നിവയെല്ലാം മുറികളുടെ ഭാഗമാണ്.
മോഡേണ്‍ സംവിധാനങ്ങള്‍ എല്ലാം ഒരുക്കിയ വിശാലമായ കിച്ചന്. അക്രിലിക്+ മൈക്ക ഫിനിഷിലാണ് കിച്ചന് ക്യാബിനറ്റുകള്‍. കലിംഗ സ്റ്റോണാണ് കൗണ്ടറില്‍ വിരിച്ചത്. ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളും സമീപത്തായി വിന്യസിച്ചു. കിച്ചനോട് ചേര്‍ന്നുതന്നെ വര്‍ക്കേരിയയും സ്ഥാനംപിടിച്ചു. ബാക്കിയുള്ള 50 സെന്റില്‍ ധാരാളം ഫലവൃക്ഷങ്ങളും ഉടമ നട്ടുപിടിപ്പിച്ചിട്ടുണ്ട്.