കോഴിക്കോട്: ഭക്ഷണത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ മഹല്ല് ജമാഅത്ത് കൗണ്‍സില്‍. കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പിടിഎ റഹീം എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് സൗഹൃദ കൂടിക്കാഴ്ച നടത്തി.
വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാലാണെന്ന് പിടിഎ റഹീം പറഞ്ഞു. അനുവദനീയം എന്നാണ് ഹലാല്‍ എന്നതിന്റെ അര്‍ത്ഥം. പിടിച്ചു പറിച്ചതും മോഷ്ടിച്ചതുമായ ഭക്ഷണം ഹലാലല്ല. സന്തോഷത്തോടെയും പൊരുത്തത്തോടെയും ലഭിക്കുന്ന ശുദ്ധിയുള്ള ഭക്ഷണം ഹലാലാണ്.
ഹാലാല്‍, നോണ്‍ ഹലാല്‍ എന്നീ പരാമര്‍ശങ്ങള്‍ നടത്തി ഭക്ഷണത്തിന്റെ പേരില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളെ ചെറുത്തു തോല്പിക്കണമെന്ന് എംഎല്‍എ പറഞ്ഞു.
എംജെസി ജനറല്‍ സെക്രട്ടറി പികെഎ കരീം , സെക്രട്ടറി ഷബീര്‍ ചെറുവാടി, ഹജ്ജ് കമ്മിറ്റി മെംബര്‍ മുഹമ്മദ് കാസിം കോയ പൊന്നാനി , അഡ്വ. പികെ മുഹമ്മദ് പുഴക്കര, കെടി അബ്ദു റഹ്മാന് ഏറനാട്, പി അബ്ദുല്‍ ഖാദര്‍, സൈനുദ്ദീന്‍ സ്വാബിരി, എന്‍പിസി അബൂബക്കര്‍, സിപി അബ്ദുല്ലക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.