സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ധര്മ്മജന് ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ബാലുശ്ശേരി യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കിയതായാണ് അറിയുന്നത്.
നടിയെ അക്രമിച്ച കേസില്‍ നടനെ പിന്തുണച്ചത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ ഇടയാകുമെന്നും ഇതിന് മറുപടി പറയേണ്ടി വരുമെന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബാലുശ്ശേരി കേന്ദ്രീകരിച്ച് ധര്മ്മജന് ബോള്‍ഗാട്ടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മികച്ച പ്രതിച്ഛായയില്ലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ മറ്റൊരു ആരോപണം. ധര്മ്മജന് പകരം യുവസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
അതേസമയം, തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നടനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ ധര്മ്മജന് രംഗത്തെത്തി. ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ലെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും സംഭവത്തില്‍ ധര്മ്മജന് ബോള്‍ഗാട്ടി പ്രതികരിച്ചു.
കെപിസിസിയുടെ പരിഗണനയില്‍ ധര്മ്മജന് ബോള്‍ഗാട്ടിക്ക് പുറമേ ദളിത് ആക്ടിവിസ്റ്റ് വിപിന്‍ കൃഷ്ണന്, എന്‍ജിഒ അസോസിയേഷന് നേതാവ് മധു എന്നിവരുടെ പേരുകളാണ് ഉള്ളത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകനാണ് വിപിന്‍ കൃഷ്ണന്. കോഴിക്കോട് എംപി എംകെ രാഘവന് മധുവിനെ പിന്തുണയ്ക്കുന്നുണ്ട്.