കോഴിക്കോട്: പൊതുസ്ഥലങ്ങളില്‍ കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ ഇനിമുതല്‍ പോക്കറ്റില്‍ 2000 രൂപ പിഴ നല്കാന് കരുതണം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുകയാണ് സംസ്ഥാനം. ഇതിന്റെ ഭാഗമായാണ് 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും പൊതുസ്ഥലങ്ങളില്‍ വിലക്ക് കടുപ്പിക്കുന്നത്.
10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. 2000 രൂപ പിഴയും ഈടാക്കും. ഇതിനായി പോലീസ് പരിശോധന കര്‍ശനമാക്കി. എന്നാല്‍, ചികിത്സാ ആവശ്യങ്ങള്‍ക്ക് വരുന്നതിനു തടസ്സമില്ല. ആളുകള്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നടപടികള്‍ എടുക്കാനും ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്കി. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാന്‍ അനുമതി ഉണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ നടപടി എടുക്കാം. മൈക്രോ കണ്ടെയ്ന്മെന്റ് മേഖലകള്‍ ആക്കി തിരിച്ചു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും അനുമതി ഉണ്ട്.