വടകര: സ്വന്തമായി സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയ അഞ്ചാംക്ലാസുകാരിക്ക് മുഖ്യമന്ത്രിയുടെ വക ഫോണ്‍ വീട്ടിലെത്തി. കടമേരി യുപി സ്കൂളിലെ 5ാംക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ നഷ്ഫയ്ക്കാണ് മുഖ്യമന്ത്രിയുടെ വക മൊബൈല്‍ ഫോണ്‍ കിട്ടിയത്.
ആയഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡിലെ കുണ്ടുപൊയില്‍ സഫിയയുടെ മകള്‍ ഫാത്തിമ നഷ്ഫയുടെ വീട്ടില്‍ ആര്‍ഡിഒ വിപി അബ്ദുറഹ്മാന് ആണ് മുഖ്യമന്ത്രി പിണറായി വിജയന് കൊടുത്തയച്ച ഫോണ്‍ ഇന്നലെ എത്തിച്ചത്. നവംബര്‍ ഒന്നിനാണ് നഷ്ഫ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
വീട്ടിലുള്ള ഒരു ഫോണ്‍ രണ്ടു ചേച്ചിമാര്‍ക്ക് ക്ലാസ് കാണേണ്ടത് കൊണ്ട് തനിക്ക് ക്ലാസ് കിട്ടുന്നില്ലെന്നായിരുന്നു നഷ്ഫയുടെ പരാതി. കുണ്ടുപൊയില്‍ ബഷീര്‍-സഫിയ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് നഷ്ഫ. ബഷീര്‍ 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. പരാതി ലഭിച്ച ഉടനെ പഞ്ചായത്ത് മുഖേന അന്വേഷണം നടത്തി നിജസ്ഥിതി മനസ്സിലാക്കിയാണ് ഫോണ്‍ നല്‍കിയത്.