കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര് കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച കൊവിഡ് ചികിത്സാകേന്ദ്രത്തിലെ വൊളന്റിയര്‍ അറസ്റ്റില്‍.
കടുത്തുരുത്തി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലെ വൊളന്റിയറായ കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസില്‍ ഗോപു രാജന് (29) ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ കടുത്തുരുത്തി യൂണിറ്റ് മുന്‍ അംഗം കൂടിയാണു ഗോപു.
നന്പന് എന്ന വാട്സാപ് ഗ്രൂപ്പ് വഴിയാണ് ഇയാള്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതെന്നു ജില്ലാ പോലീസ് മേധാവി ഡി ശില്പ പറഞ്ഞു. വ്യാജ വാട്സാപ് സന്ദേശത്തിനെതിരെ പോലീസ് കേസെടുത്തതറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം ജോലിക്കു ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷീന്‍ തറയില്‍, സൈബര്‍ ക്രൈം സ്റ്റേഷന് എസ്എച്ച്ഒ സി ബിനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ജോര്‍ജ് ജേക്കബ്, പിആര്‍ രാജേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ സതീഷ് കുമാര്‍, പിഎസ് അഭിലാഷ്, കെഎന്‍ അനൂപ്, പിവി സുബിന്, അബ്ദുല്‍ ഫൈസല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.